ആഭ്യന്തര ഹജ്ജ്​ അപേക്ഷകർക്ക്​ പണം​ തിരികെ ലഭിക്കുന്നത്​ രണ്ട്​ വിധത്തിലായിരിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: ഹജ്ജ്​ തീർഥാടനത്തിന്​ സൗദി അറേബ്യയിൽനിന്ന്​ അപേക്ഷിച്ച ശേഷം പിൻവാങ്ങിയവർക്ക്​ അടച്ച പണം തിരികെ ​കിട്ടുന്നത്​ രണ്ട്​ വിധത്തിലായിരിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം. ഹജ്ജ്​ പെർമിറ്റ്​ നൽകുന്നതിന്​…

By :  Editor
Update: 2023-01-07 12:56 GMT

ജിദ്ദ: ഹജ്ജ്​ തീർഥാടനത്തിന്​ സൗദി അറേബ്യയിൽനിന്ന്​ അപേക്ഷിച്ച ശേഷം പിൻവാങ്ങിയവർക്ക്​ അടച്ച പണം തിരികെ ​കിട്ടുന്നത്​ രണ്ട്​ വിധത്തിലായിരിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം. ഹജ്ജ്​ പെർമിറ്റ്​ നൽകുന്നതിന്​ മുമ്പും ശേഷവും തീരുമാനം റദ്ദാക്കി തീർഥാടനത്തിൽനിന്ന്​ പിൻവാങ്ങാവുന്നതാണ്​. ഇങ്ങനെ ചെയ്​താലും അടച്ച പണം തിരികെ ലഭിക്കും. എന്നാൽ അതിന്​ രണ്ട്​ രീതികളുണ്ടെന്ന്​ മന്ത്രാലയം ട്വിറ്ററിൽ വിശദീകരിച്ചു​. ഈ വർഷത്തെ ആഭ്യന്തര ഹജ്ജ്​ തീർഥാടകർക്കായുള്ള ബുക്കിങ് വ്യാഴാഴ്​ചയാണ്​ മ​ന്ത്രാലയം ആരംഭിച്ചത്​.​

പണം തിരികെ ലഭിക്കുന്ന രീതികൾ

1. ഹജ്ജ്​ നിർവഹിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്നതിനു മുമ്പ്​

-രജിസ്​ട്രേഷൻ ചെയ്​ത തീയതി മുതൽ ശവ്വാൽ 14 വരെയുള്ള കാലയളവിലാണ്​ അപേക്ഷ പിൻവലിക്കുന്നതെങ്കിൽ അടച്ച തുക മുഴുവനും തിരികെ ലഭിക്കും.

-പെർമിറ്റ്​ നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇലക്​​ട്രോണിക്​ സേവനങ്ങളുടെ ഫീസ് അടച്ച തുകയിൽനിന്ന്​​ കുറക്കും.

2. ഹജ്ജ്​ പെർമിറ്റ്​ നൽകിയ ശേഷം

-ശവ്വാൽ 15 മുതൽ ദുൽഖഅദ്​ അവസാനം വരെ ഇലക്​​ട്രോണിക്​ സേവനങ്ങൾക്കുള്ള ഫീസ്​, കരാർ മൂല്യത്തി​ൻറ 10​ ശതമാനം എന്നിവ കുറച്ചുള്ള തുക തിരികെ ലഭിക്കും.

-ദുൽഹജ്ജ്​ ഒന്ന്​ മുതലുള്ള കാലയളവിലാണ്​ പിൻ വാങ്ങുന്നതെങ്കിൽ അടച്ച പണം​ തിരികെ ലഭിക്കില്ല.

മരണം, ആരോഗ്യ വൈകല്യം, ക്രിമിനൽ കേസുകൾ അല്ലെങ്കിൽ അപകടത്തിൽപെട്ട്​ ആശുപത്രിയിലായി എന്നീ കാരണങ്ങളാൽ ഹജ്ജ്​ നിർവഹിക്കാൻ കഴിയാത്ത കേസുകളിൽ​ മുഴുവൻ തുകയും തിരികെ നൽകും​. ഇതിന്​ മതിയായ രേഖകൾ സമർപ്പിക്കണം. കൂടാതെ ശവ്വാൽ 14ന്​ ശേഷം കോവിഡ്​ ബാധയുണ്ടെന്ന്​ തെളിഞ്ഞവർക്കും മുഴുവൻ പണവും​ തിരികെ നൽകും. അവർ ‘അബ്​ഷിർ’ ആപ്ലിക്കേഷൻ വഴി ഹജ്ജ്​ അനുമതി പത്രം റദ്ദാക്കണം.​ പിന്നീട്​ മന്ത്രാലയത്തി​ൻറ വെബ്സൈറ്റ് വഴിയോ, നുസ്​ക്​ ആപ്ലിക്കേഷൻ വഴിയോ ബുക്കിങും റദ്ദാക്കണം.

Tags:    

Similar News