കടുവയ്ക്കായി വ്യാപക തിരച്ചില്‍; ക്രമസമാധാന പാലനത്തിന് 279 പോലീസുകാര്‍

മാനന്തവാടി: പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസിന്റെ മരണത്തിനു കാരണക്കാരനായ കടുവയെ കണ്ടെത്താന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. രണ്ടാംദിവസം നടത്തിയ തിരച്ചിലിലും കടുവയുടെ പൊടിപോലും കണ്ടെത്താനായില്ല. തൊണ്ടര്‍നാട്-തവിഞ്ഞാല്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കബനി…

By :  Editor
Update: 2023-01-13 21:55 GMT

മാനന്തവാടി: പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസിന്റെ മരണത്തിനു കാരണക്കാരനായ കടുവയെ കണ്ടെത്താന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. രണ്ടാംദിവസം നടത്തിയ തിരച്ചിലിലും കടുവയുടെ പൊടിപോലും കണ്ടെത്താനായില്ല. തൊണ്ടര്‍നാട്-തവിഞ്ഞാല്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കബനി പുഴയുടെ സമീപത്തുള്ള സ്വകാര്യതോട്ടത്തിലാണ് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്.

പുഴക്കരയിലും സമീപത്തെ വയലിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെത്തുടര്‍ന്നാണിത്. വെള്ളിയാഴ്ച രാവിലെ ആലക്കല്‍ തറവാട്ടില്‍ നടന്ന ബേസ് ക്യാമ്പിനു ശേഷമാണ് എട്ടുമണിയോടെ ആറുടീമുകളായി തിരച്ചിലിനിറങ്ങിയത്. വെള്ളിയാഴ്ച കടുവയുടെ സാന്നിധ്യമുണ്ടായ തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലെ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. പിന്നീട് തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലുള്ള മുടപ്പിനാല്‍ കടവിനു സമീപത്തുള്ള വയലിലേക്കാണ് തിരച്ചില്‍സംഘം ഇറങ്ങിയത്. ഉച്ചയ്ക്കുശേഷം കുങ്കിയാനയുടെ സഹായത്തോടെ സമീപത്തെ തോട്ടത്തിലും തിരച്ചില്‍ നടത്തി. ഈ തിരച്ചില്‍ ആറുമണിവരെ തുടര്‍ന്നു.

ഒരപ്പ് ഭാഗത്ത് കടുവയെ കണ്ടതായി ചിലരില്‍നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഘം അങ്ങോട്ടുനീങ്ങി. പക്ഷേ, അവിടെയൊന്നും കടുവയുണ്ടെന്ന സൂചന ലഭിച്ചില്ല. ഏഴരയോടെയാണ് വെള്ളിയാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച് സംഘം മടങ്ങിയത്. ബേസ് ക്യാമ്പ് ശനിയാഴ്ചമുതല്‍ കുളത്താടയിലെ പി.കെ. ഷൈബി സ്മാരക ഹാളിലാണ് പ്രവര്‍ത്തിക്കുക. ഇവിടെനിന്നുള്ള കൂടിയാലോചനയ്ക്കുശേഷം രാവിലെ എട്ടോടെ ഏഴുസംഘങ്ങള്‍ തിരച്ചിലിനിറങ്ങും. തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിന് അഞ്ചു ടീമിനെ വിന്യസിച്ചു. വരയാല്‍, പുല്പള്ളി, ബേഗൂര്‍, തോല്‌പെട്ടി ഫോറസ്റ്റ് സ്റ്റേഷനുകളില്‍നിന്നുള്ള ടീമിനുപുറമേ കോഴിക്കോട്, വയനാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പട്രോളിങ്, തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്.

ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ മുഴുവന്‍സമയവും ജില്ലയില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാല്യുവേഷന്‍ വിങ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്. നരേന്ദ്രബാബുവും വെള്ളിയാഴ്ച സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവല്‍, സാമൂഹ്യ വനവത്കരണവിഭാഗം എ.സി.എഫ്. ഹരിലാല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്ന, കോഴിക്കോട് ഫ്‌ലൈങ് സ്‌ക്വാഡ് ഡി.എഫ്.ഒ. സുനില്‍കുമാര്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ടീം ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. രാജന്‍ എന്നിവരും വെള്ളിയാഴ്ച സ്ഥലത്തെത്തി വനപാലകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

കടുവയെ കണ്ടെത്തിയാലും ജനവാസമേഖലയായതിനാല്‍ വളരെ കരുതലോടെ മാത്രമേ മയക്കുവെടിവെക്കാന്‍ കഴിയുള്ളൂ എന്നാണ് വനപാലകര്‍ പറയുന്നത്. കൃത്യമായി വെടികൊണ്ടില്ലെങ്കില്‍ കടുവ ഓടി ജനവാസകേന്ദ്രത്തിലെത്തിയാല്‍ കൂടുതല്‍ അപകടമുണ്ടാവും. മയക്കുവെടി കൊണ്ടാലും കടുവ മയങ്ങാന്‍ അരമണിക്കൂറോളം സമയമെടുക്കും. കടുവയുള്ള പ്രദേശം ജനവാസകേന്ദ്രമാണെന്നത് വനംവകുപ്പിന് കൂടുതല്‍ പ്രയാസത്തിലാക്കുന്നുണ്ട്. എങ്കിലും കടുവയെ വളരെ വേഗംതന്നെ പിടികൂടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്.

Tags:    

Similar News