മലപ്പുറത്ത് പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ
പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയ പെരിന്തൽമണ്ണ സ്വദേശി…
;പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അദ്നാനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പല ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഏഴു മാസം മുമ്പാണ് സംഭവങ്ങൾക്ക് തുടക്കം. അനഘ എന്ന പേരിലാണ് മുഹമ്മദ് അദ്നാൻ അരിയെല്ലൂർ സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന് വിശ്വസിപ്പിച്ചു കൊണ്ടാണ് തുക തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായും ഇരട്ട റോളിലാണ് മുഹമ്മദ് അദ്നാൻ അഭിനയിച്ച് ഇയാളെ കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയിസ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചു നൽകുകയായിരുന്നു.
പ്രണയത്തിൽ കുരുങ്ങിയ യുവാവ് കാണാപുറത്തുള്ള കാമുകിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തൽമണ്ണ പോയിരുന്നു. തന്റെ ‘പ്രതിശ്രുത വധുവിനെ’ കാണിക്കാൻ സഹോദരിമാരെ വരെ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയിരുന്നുവത്രെ. ഒടുവിൽ, കബളിപ്പിക്കപ്പെട്ടതായി സംശയമുയർന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് അരിയല്ലൂർ സ്വദേശി പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്ണായി അഭിനയിച്ച മുഹമ്മദ് അദ്നാന് വിലങ്ങ് വീണത്. പരപ്പനങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോൺ, ജയദേവൻ, സിവിൽ പോലീസ് ഓഫിസർ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
ഇയാളുടെ ഫോൺ പരിശോധിച്ചതിൽ സമാനമായ തട്ടിപ്പുകൾ പലയിടങ്ങളിലും ചെയ്തതുവെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഇനിയും പരാതികൾ വരാൻ സാധ്യത ഉണ്ടെന്നും പൊലീസ് അറിയിച്ചു.