അഞ്ചാമത് വിവാഹം കഴിക്കാൻ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം;ചോര കണ്ടാല്‍ ജോയിക്ക് ആനന്ദമെന്ന് രണ്ടാംഭാര്യ; തെങ്ങില്‍ ഇടിക്കും, എണ്ണയില്‍ കൈ മുക്കും

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനിൽ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്ടിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് ജോയി ആന്റണിക്ക്…

By :  Editor
Update: 2023-01-18 05:55 GMT

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനിൽ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്ടിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് ജോയി ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയുമാണ് പിഴ. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിൽ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ അഞ്ചാമത് വിവാഹം കഴിക്കാൻ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ ഇരകൾക്കായുള്ള സർക്കാർ നിധിയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

2013 ഓഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മണ്‍വെട്ടിക്കൈകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ചുട്ടെരിച്ച് മൂന്ന് കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു.

ജോയ് ആന്റണി മനോവൈകൃതത്തിന് ഉടമയെന്ന് ഇയാളുടെ രണ്ടാം ഭാര്യ കോടതിയിൽ മൊഴി നൽകി . നാലു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ക്ക് നാലു വിവാഹത്തിലുമായി അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതില്‍ രണ്ടാം ഭാര്യയായ മിനിയാണ് പ്രതിയുടെ മനോവൈകൃതത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ കോടതിയില്‍ പറഞ്ഞത്.

പ്രതി തന്റെ മൂക്കില്‍ ശക്തിയായി ഇടിക്കാറുണ്ടെന്നും മൂക്കില്‍നിന്ന് ചോര വരുമ്പോള്‍ ഉന്മാദിയെപ്പോലെ പെരുമാറുമെന്നും മിനി പറഞ്ഞിരുന്നു. മറ്റുള്ളവരെ വേദനിപ്പിച്ച്് അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു പ്രതിയുടെ മുഖ്യവിനോദം. തലമുടി ചുറ്റിപ്പിടിച്ച് തന്നെ കറക്കി തെങ്ങില്‍ കൊണ്ടുപോയി ഇടിക്കുമായിരുന്നെന്നും തിളച്ച എണ്ണയില്‍ കൈപിടിച്ച് മുക്കിയിട്ടുണ്ടെന്നും മിനി കോടതിയില്‍ പറഞ്ഞു. പൊള്ളിയ കൈ വിചാരണവേളയില്‍ കോടതിയെ കാണിച്ചുകൊടുത്തിരുന്നു. കൊല്ലപ്പെട്ട സുനിത ഇയാളുടെ മൂന്നാം ഭാര്യയാണ്. കോടതിവിധി പറയുന്നത് കേള്‍ക്കാന്‍ ഇപ്പോള്‍ പ്രതിയോടൊപ്പം താമസിക്കുന്ന നാലാം ഭാര്യ കോടതിയില്‍ എത്തിയിരുന്നു. വിധി കേട്ട് ഇരുവരും കോടതി മുറിക്ക് പുറത്തിരുന്ന് കരയുന്നുണ്ടായിരുന്നു.

കൊല്ലപ്പെട്ട സുനിതയുടെ കുട്ടികള്‍ അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ ജയിലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഒരു അനാഥാലയത്തിന്റെ സംരക്ഷണയിലായിരുന്നു. ഇവരെ പിന്നീട് ആലപ്പുഴയിലുള്ള ഒരു കുടുംബം നിയമപരമായി ദത്തെടുത്തതോടെ കുട്ടികള്‍ സുരക്ഷിതരായി മാറി.

സംഭവം നടക്കുമ്പോള്‍ ഏഴും അഞ്ചും വയസ്സുണ്ടായിരുന്ന പെണ്‍കുട്ടികള്‍ രണ്ടുപേരും അച്ഛനെതിരേ സാക്ഷിപറയാന്‍ കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ എത്തിയ കുട്ടികള്‍ പ്രതിയെ കാണാന്‍ കൂട്ടാക്കുകയോ പ്രതിയുടെ സാന്നിധ്യത്തില്‍ മൊഴിനല്‍കാനോ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതിമുറിക്കു പുറത്തുനിര്‍ത്തിയാണ് കുട്ടികളുടെ മൊഴിയെടുത്തത്. കുട്ടികള്‍ കോടതിയില്‍ മൊഴിപറയാന്‍ എത്തിയതും കൊല്ലപ്പെട്ടത് സുനിതയാണെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റിന് രക്തസാമ്പിള്‍ നല്‍കാന്‍ കോടതിയിലെത്തിയതും രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു.

Tags:    

Similar News