ഷാരോണ്‍ വധം; ഗ്രീഷ്മ ആസൂത്രണം ചെയ്ത്‌ നടത്തിയ കൊല, അമ്മയും അമ്മാവനും പങ്കാളികളെന്ന് കുറ്റപത്രം

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗ്രീഷ്മ ആസൂത്രണം ചെയ്ത്…

By :  Editor
Update: 2023-01-25 01:23 GMT

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കൊലപാതകവും തെളിവ് നശിപ്പിക്കലും ചുമത്തിയാണ് കുറ്റപത്രം. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പങ്കാളികളായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും. അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടുണ്ട്. ഷാരോണിന്റെ മരണത്തിന് കാരണമായ വിഷം നല്‍കിയത് ഗ്രീഷ്മയാണെന്നുള്ളതിനും തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം.

തൊണ്ണൂറു ദിവസത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാന്‍ വൈകും. നിലവില്‍ ഗ്രീഷ്മയുടെ അമ്മയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്‌
Tags:    

Similar News