ഐ ലീഗ് ഫുട്ബോളിൽ ഗോകുലം ഇന്ന് മുംബൈ കെന്‍ക്രെയെ നേരിടും
കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ വലിയ മുന്നേറ്റപ്രതീക്ഷയുമായി ഗോകുലം കേരള എഫ്.സി മുംബൈ കെന്‍ക്രെ എഫ്.സിയുമായി ഞായറാഴ്ച ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നാണ് മാച്ച്.…
കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ വലിയ മുന്നേറ്റപ്രതീക്ഷയുമായി ഗോകുലം കേരള എഫ്.സി മുംബൈ കെന്‍ക്രെ എഫ്.സിയുമായി ഞായറാഴ്ച ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നാണ് മാച്ച്. കഴിഞ്ഞ കളിയിൽ റിയല്‍ കശ്മീരിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോൽപിച്ച ഗോകുലം ഇത്തവണയും ശുഭപ്രതീക്ഷയിലാണ്. ടീം വലിയ ആത്മവിശ്വാസത്തിലാണെന്നും വിജയത്തോടെ മൂന്നു പോയന്റ് നേടുകയാണ് ലക്ഷ്യമെന്നും ഗോകുലം സ്പാനിഷ് പരിശീലകന് ഫ്രാന്‍സെസ്ക് ബോണെറ്റ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മലയാളി താരങ്ങളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഗോൾ നേടാനായത് ഇനിയുള്ള മത്സരങ്ങളിലും വലിയ പ്രചോദനമാണ് നല്‍കുന്നതെന്ന് ഗോകുലം താരം താഹിര്‍ സമാന് പറഞ്ഞു. ഗോളിനൊപ്പം ടീം വിജയിക്കുകകൂടി ചെയ്യുന്നത് സന്തോഷം ഇരട്ടിയാക്കുന്നതായി സീസണില്‍ മൂന്നു ഗോൾ നേടിയ സമാന് പറഞ്ഞു. നിലവില്‍ 12 മത്സരങ്ങളില്‍ ആറു ജയവും മൂന്നു സമനിലയും തോല്‍വിയുമായി 21 പോയന്റുമായി ഗോകുലം പോയന്റ് ടേബിളില്‍ നാലാമതാണ്. വിജയിക്കാനായാല്‍ മൂന്നിലേക്ക് ഉയരാനാകും. 13 കളിയില്‍ മൂന്നു ജയം മാത്രമുള്ള കെന്‍ക്രെ എഫ്.സി 11ാം സ്ഥാനത്താണ്.
മലയാളി താരങ്ങളായ താഹിര്‍ സമാന്റെയും ജോബി ജസ്റ്റിന്റെയും ഗോളിലായിരുന്നു റിയൽ കശ്മീരിനെതിരായ ഗോകുലത്തിന്റെ മിന്നും വിജയം. സ്പാനിഷ് താരം ഒമര്‍ റാമോസും അഫ്ഗാൻ താരം ഫര്‍ഷാദ് നൂറും നയിക്കുന്ന മധ്യനിര മികച്ച പ്രകടനമാണ് നടത്തുന്നത്. ഗോകുലം ക്യാപ്റ്റനായ കാമറൂൺ താരം അമിനോ ബൗബെയും ഇന്ത്യൻ താരം പവന്‍കുമാറും നേതൃത്വം നല്കുന്ന പ്രതിരോധവും ശക്തമാണ്.