വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റില്‍; ഫോണില്‍ തുരുതുരാ സന്ദേശങ്ങള്‍; പെണ്‍കുട്ടികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ പ്രതികള്‍

തിരുവനന്തപുരം: സഹപാഠികളുടെ ഗ്രൂപ്പില്‍ നിന്നും വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റില്‍ എത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം കേസില്‍ പ്രതികളാണ്. വീട്ടമ്മ റൂറല്‍ എസ്പിക്ക്…

By :  Editor
Update: 2023-02-08 00:48 GMT

തിരുവനന്തപുരം: സഹപാഠികളുടെ ഗ്രൂപ്പില്‍ നിന്നും വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റില്‍ എത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം കേസില്‍ പ്രതികളാണ്. വീട്ടമ്മ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്.

സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. വീട്ടമ്മയുടെ പത്താംക്ലാസിലെ സഹപാഠികളായ 207 പേരുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് മുറിച്ചെടുത്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.

ജനുവരി 25നാണ് യുവതിയുടെ ഫോട്ടോയും പേരും ഫോണ്‍നമ്പറും അടക്കം അശ്ലീല സൈറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് വിദേശങ്ങളില്‍ നിന്നടക്കം പല നമ്പരുകളില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ വന്നു. ഇതേത്തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്.

സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പരാതി നല്‍കിയപ്പോള്‍ കാട്ടാക്കട എസ്എച്ച്ഒ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവതി എസ്പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി അന്വേഷിക്കാന്‍ ഇതേ ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചതോടെ, യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ പൊലീസ് ആസ്ഥാനത്തെ സ്‌പെഷന്‍ സെല്‍ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഒന്നാം തീയതി നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് ചൊവ്വാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Tags:    

Similar News