റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം: പ്രതി തമിഴ് സംസാരിക്കുന്ന പെയിന്റിങ് തൊഴിലാളിയെന്ന് സംശയം

പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർ ഛത്രം പൊലീസ്. പെയിന്റിങ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടേതെന്ന്…

By :  Editor
Update: 2023-02-18 01:28 GMT

പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർ ഛത്രം പൊലീസ്. പെയിന്റിങ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

പ്രദേശത്തെ പെയിന്റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. നിരവധി പെയിൻറിങ് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നെന്ന് അക്രമത്തിനിരയായ യുവതിയുടെ കുടുംബം പറഞ്ഞു. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ഇട്ട ആളാണ് അക്രമി എന്നും യുവതി പൊലീസിന് മൊഴി നൽകി. പീഡനത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു.

ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് കൊല്ലം സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അക്രമിയില്‍ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News