കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിക്ക് മദ്യം നൽകി പീഡനം; സുഹൃത്തുക്കളായ 2 പേർ അറസ്റ്റിൽ
കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ അമൽ(21), അമ്പാടി(19) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…
;കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ അമൽ(21), അമ്പാടി(19) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ നഗരത്തിലെ സ്വകാര്യ കോളജിലെ ഡയാലിസിസ് ട്രെയിനിങ് വിദ്യാർഥിയും മറ്റൊരാൾ എറണാകുളത്തെ കോളജ് വിദ്യാർഥിയുമാണ്.
കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിലാണ് പെൺകുട്ടി സുഹൃത്തുക്കളായ 2 വിദ്യാർഥികൾക്കെതിരെ കസബ പൊലീസിൽ പരാതി നൽകിയത്. എറണാകുളം സ്വദേശികളായ ഇരുവരും ഇതോടെ ഒളിവിൽ പോയി. ഹൈസ്കൂൾ കാലത്ത് സഹപാഠികളായിരുന്നു മൂവരും. 18ന് രാത്രി ബീച്ചിനു സമീപം പ്രതികളിലൊരാൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയത്. അബോധാവസ്ഥയിലായ പെൺകുട്ടി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് സ്ഥലത്ത് നിന്നു രക്ഷപ്പെട്ടത്.
മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതർ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ഇന്നലെ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.