ആൺ വേഷത്തിൽ മുഖം മൂടി ധരിച്ചെത്തി അമ്മായിയമ്മയെ ആക്രമിച്ചു; കമ്പിപ്പാരകൊണ്ടുള്ള മരുമകളുടെ അടിയിൽ കാൽ ഒടിഞ്ഞുതൂങ്ങി, മരുമകൾ അറസ്റ്റിൽ

ബാലരാമപുരം: പാൽ വിറ്റുമടങ്ങവേ ക്ഷീരകർഷകയെ ആൺ വേഷത്തിൽ കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കാൽമുട്ട് തല്ലിത്തകർത്ത സംഭവത്തിൽ മരുമകളും അയൽവാസിയുമായ സുകന്യ(27) അറസ്റ്റിലായി.…

;

By :  Editor
Update: 2023-05-12 03:06 GMT

ബാലരാമപുരം: പാൽ വിറ്റുമടങ്ങവേ ക്ഷീരകർഷകയെ ആൺ വേഷത്തിൽ കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കാൽമുട്ട് തല്ലിത്തകർത്ത സംഭവത്തിൽ മരുമകളും അയൽവാസിയുമായ സുകന്യ(27) അറസ്റ്റിലായി. ആറാലുംമൂട് പുന്നക്കണ്ടത്തിൽ വയലുനികത്തിയ വീട്ടിൽ വാസന്തി(63)യെ ചൊവ്വാഴ്ച പുലർ‌ച്ചെ 6 മണിയോടെയാണ് ഇവർ ആക്രമിച്ച് കാൽമുട്ട് തകർ‌ത്തത്. ഇവരുടെ രണ്ടാമത്തെ മകൻ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. ഭർത്താവ് തന്നെ ദിവസവും മർദിക്കുന്നത് ഇവരുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ആക്രമണം.

പ്രദേശത്തെ നാൽപ്പതിലേറെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലെറെ പേരെ ചോദ്യം ചെയ്തിരുന്നു. നൂറിലെറെ മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയെങ്കിലും പ്രതികളിലേക്കെത്തിപ്പെടാൻ പൊലീസിന് സാധിച്ചില്ല. ആൺ വേഷത്തിലെത്തിയ പ്രതിക്കായി പൊലീസ് നടത്തിയ തിരച്ചിലിൽ പിന്നീട് മരുമകളിലേക്ക് തിരിഞ്ഞു. ആക്രമണത്തിനിടെ വാസന്തി നിലവിളിക്കുമ്പോൾ പ്രദേശത്തെ അയൽവാസികളും മറ്റും ഓടിയെത്തിയപ്പോഴും സുകന്യ വൈകിയെത്തിയത് പൊലീസിനെ സംശത്തിലാക്കി.

കൊല്ലാൻ‍ വേണ്ടി അല്ലായിരുന്നുവെന്നും രണ്ടാഴ്ച വീട്ടിൽ കിടക്കട്ടെയെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സംഭവ സമയത്ത് ഇവർ ധരിച്ചിരുന്ന കറുത്ത ഷർട്ടും ലെഗ്ഗിൻസും കറുത്ത മുഖം മൂടിയും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്ന് പൊലീസിന് ലഭിച്ചു. ഭർത്താവിന്റേതാണ് കറുത്ത ഷർട്ട്. പൊലീസ് ഇൻസ്പെക്ടർ ടി.വിജയകുമാറിന്റെ നേതൃത്വത്തിൽ 4 പേർ അടങ്ങുന്ന പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News