ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം

IND-W VS BAN-W 2nd T20 Highlights: India Beat Bangladesh by 8 Runs ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ മലയാളി താരം…

;

By :  Editor
Update: 2023-07-11 08:24 GMT

IND-W VS BAN-W 2nd T20 Highlights: India Beat Bangladesh by 8 Runs

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ മലയാളി താരം മിന്നു മണിയുടെയും ദീപ്തി ശർമയുടെയും ഷെഫാലി വർമയുടെയും ബൗളിങ് മികവിൽ ജയം പിടിച്ചെടുത്ത് ഇന്ത്യ. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് റൺസിനായിരുന്നു സന്ദർശകരുടെ വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും ബംഗ്ലാദേശിനെ 87 റൺ​സിൽ എറിഞ്ഞൊതുക്കുകയായിരുന്നു. നാലോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മിന്നു മണി ബാറ്റിങ്ങിൽ മൂന്ന് പന്തിൽ അഞ്ച് റൺസുമായി പുറത്താവാതെ നിൽക്കുകയും ചെയ്തു. നേരിട്ട ആദ്യ പന്തിൽ ഫോറടിച്ചാണ് ബാറ്റിങ്ങിന് ലഭിച്ച ആദ്യ അവസരം അവിസ്മരണീയമാക്കിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 96 റൺസിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിൽ വെച്ചത്. 19 റണ്‍സെടുത്ത ഷെഫാലി വര്‍മയായിരുന്നു ടോപ് സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാനയും (13) ഷെഫാലി വർമയും ചേർന്ന സഖ്യം 33 റണ്‍സ് ചേർത്തെങ്കിലും പിന്നീട് കൂട്ടത്തകർച്ചയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ റൺസെടുക്കാതെ മടങ്ങിയപ്പോൾ ജമീമ റോഡ്രിഗസ് (8), യാസ്തിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ. മിന്നുവിനൊപ്പം ഏഴ് റൺസുമായി പൂജ വസ്ത്രകാര്‍ പുറത്താവാതെ നിന്നു. നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സുല്‍ത്താന ഖാത്തൂനും നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഫഹിമ ഖാത്തൂനുമാണ് ബംഗ്ലാദേശ് ബൗളർമാരിൽ തിളങ്ങിയത്.

Full View

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും നാടകീയമായി തകരുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് നാല് വിക്കറ്റാണ് നഷ്ടമായത്. ഷെഫാലി വർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ രണ്ടാം റണ്ണിനോടവെ റബേയ ഖാൻ റണ്ണൗട്ടായി. രണ്ടാം പന്തിൽ നാഹിദ അക്തറിനെ ഷെഫാലി ഹർലീൻ ഡിയോളിന്റെ കൈയിലെത്തിച്ചു. മൂന്നാം പന്ത് നേരിട്ട ഫഹിമ ഖാത്തൂന് റണ്ണെടുക്കാനായില്ല. അടുത്ത പന്തിൽ താരം റിട്ടേൺ ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു. അഞ്ചാം പന്തിൽ മറൂഫ അക്തറിനെ ഷെഫാലി റണ്ണെടുക്കാനനുവദിച്ചില്ല. അവസാന പന്തിൽ താരത്തെ യാസ്തിക ഭാട്ടിയ സ്റ്റമ്പ് ചെയ്തതോടെ ബംഗ്ലാദേശിന്റെ ഇന്നിങ്സിനും വിരാമമായി.

രണ്ടാം ഓവര്‍ എറിയാനെത്തിയ മിന്നു ഓവറില്‍ റണ്‍സൊന്നും വിട്ടുനല്‍കാതെ ഷമീമ സുല്‍ത്താനയെ (5) പുറത്താക്കിയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. എട്ടാം ഓവറിലെ അഞ്ചാമത്തെ പന്തിൽ റിതു മോനി​യെ വിക്കറ്റിന് മുന്നിൽ കുടുക്കി സെലക്ടർമാരുടെ തീരുമാനം ശരിവെച്ചു. നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി ദീപ്തി ശർമയും മൂന്നോവറിൽ 15 റൺസ് വഴങ്ങി ഷെഫാലി വർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News