മണിപ്പൂർ വംശീയ സംഘർഷം ; ഭയന്ന മെയ്തി കുടുംബങ്ങൾ മിസോറാമിൽ നിന്നും പാലായനം ചെയ്യുന്നു

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിൽ മിസോറാമിൽ താമസിക്കുന്ന മെയ്തി ഗോത്രകുടുംബങ്ങൾ സംസ്ഥാനം വിട്ട് പലായനം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മിസോറാമിലെ പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA) എന്ന…

By :  Editor
Update: 2023-07-24 07:06 GMT

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിൽ മിസോറാമിൽ താമസിക്കുന്ന മെയ്തി ഗോത്രകുടുംബങ്ങൾ സംസ്ഥാനം വിട്ട് പലായനം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മിസോറാമിലെ പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA) എന്ന സംഘടന മെയ്തി ഗോത്രത്തിൽപെട്ടവരോട് മണിപ്പൂരിലേക്ക് തന്നെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെയ്തികൾ മിസോറാം വിട്ട് പലായനം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മണിപ്പൂർ വംശീയ സംഘർഷത്തെ തുടർന്ന് മിസോറാമിൽ വെച്ച് മെയ്തികൾ ആക്രമിക്കപ്പെടുമോ എന്ന ഭയം ഉണ്ടെന്നും അതിനാൽ മണിപ്പൂരിലേക്ക് തന്നെ മടങ്ങി പോകുന്നതാണ് അവർക്ക് നല്ലത് എന്നുമായിരുന്നു PAMRA എന്ന സംഘടന മെയ്തികളോട് ആവശ്യപ്പെട്ടിരുന്നത്.

Full View

മെയ്തികൾ മിസോറാമിൽ നിന്നും പാലായനം ചെയ്യുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മിസോറാം സംസ്ഥാന സർക്കാർ തലസ്ഥാനമായ ഐസ്വാളിൽ സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഐസ്വാളിൽ മെയ്തികൾ സുരക്ഷിതരായിരിക്കും എന്നാണ് മിസോറാം പറയുന്നത്. മെയ്തി ഗോത്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മിസോറാം പോലീസ് ഡി ഐ ജി വ്യക്തമാക്കി.

മിസോറാം ഹോം കമ്മീഷണറും സെക്രട്ടറിയുമായ എച്ച് ലാലെങ്മാവിയ മെയ്തി ഗോത്രത്തിലുള്ളവരെയും സമുദായ നേതാക്കളെയും നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. മിസോറാമിൽ താമസിക്കുന്ന മെയ്തി ഗോത്രത്തിൽ ഉള്ളവരുടെ വിശദവിവരങ്ങൾ ശേഖരിക്കാനായി മിസോറാം സർക്കാർ മിസോ സ്റ്റുഡൻസ് യൂണിയനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മിസോറാമിൽ 1500ലധികം മെയ്തി കുടുംബങ്ങൾ താമസിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags:    

Similar News