പോലീസ് ബാരിക്കേഡ് തുറന്നില്ല; ആംബുലൻസ് അധികം കറങ്ങിയത് മൂന്നു കിലോമീറ്റർ ; മനുഷ്യാവകാശ കമ്മിഷനു പരാതി #kozhikodenews
പ്രതീകാത്മക ചിത്രം കോഴിക്കോട്: പൊലീസ് സ്റ്റേഷൻ മാർച്ച് തടയാൻ റോഡിനു കുറുകെ കയറിട്ടു കെട്ടി വച്ച ബാരിക്കേഡുകൾ ആംബുലൻസിനും തുറന്നു നൽകാതെ പൊലീസ്. മടങ്ങിപ്പോയ ആംബുലൻസ് മൂന്നു…
;പ്രതീകാത്മക ചിത്രം
കോഴിക്കോട്: പൊലീസ് സ്റ്റേഷൻ മാർച്ച് തടയാൻ റോഡിനു കുറുകെ കയറിട്ടു കെട്ടി വച്ച ബാരിക്കേഡുകൾ ആംബുലൻസിനും തുറന്നു നൽകാതെ പൊലീസ്. മടങ്ങിപ്പോയ ആംബുലൻസ് മൂന്നു കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്.
കോൺഗ്രസിന്റെ നല്ലളം പൊലീസ് സ്റ്റേഷൻ മാർച്ച് തടയാനാണ് ദേശീയപാതയിൽ നല്ലളത്ത് റോഡിനു കുറുകെ ബാരിക്കേഡുകൾ കയറിട്ടു കെട്ടി വച്ചത്. 11.30നുള്ള മാർച്ചിനു ഒരു മണിക്കൂർ മുൻപേ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നു. ചുങ്കം ക്രസന്റ് ആശുപത്രിയിൽ നിന്നുള്ള 95 വയസ്സുകാരിയായ ചേലേമ്പ്ര സ്വദേശിനി ഇച്ചാത്തുട്ടിയുമായി നഗരത്തിലെ ആശുപത്രിയിലേക്ക് പോകാൻ രാവിലെ പതിനൊന്നോടെയാണ് ആംബുലൻസ് ഈ വഴി എത്തിയത്. രോഗിയെ പെട്ടെന്നു അടുത്ത ആശുപത്രിയിൽ എത്തിക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആംബുലൻസ് ദേശീയപാതയിലൂടെ മിനി ബൈപ്പാസിലേക്ക് കയറാനായി ഇതുവഴി വന്നത്. ബാരിക്കേഡ് തുറക്കാത്തതിനാൽ മടങ്ങി മറ്റൊരു വഴിയിലൂടെയാണ് ആംബുലൻസ് പിന്നീട് പോയത്. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ബാരിക്കേഡ് നീക്കി വഴിയൊരുക്കാൻ പൊലീസ് തയാറായില്ല.
എന്നാൽ തൊട്ട് മുൻപുള്ള മോഡേൺ ബസാർ ജംക്‌ഷനിൽ വച്ച് മറ്റൊരു വഴിയിലൂടെ പോകുന്നതിനായി ആംബുലൻസിന് നിർദേശം നൽകിയിരുന്നെന്നും ശക്തമായ രീതിയിൽ ഒരുക്കിയ ബാരിക്കേഡുകൾ അഴിച്ചു മാറ്റാൻ എളുപ്പമായിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്നു സൂചിപ്പിച്ച് മുൻ കൗൺസിലർ എസ്.വി.സയ്യിദ് മുഹമ്മദ് ഷമീൽ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിട്ടുണ്ട്.