ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം: അനുഷ പദ്ധതിയിട്ടത് എയർ എംബോളിസത്തിലൂടെ കൊല നടത്താൻ

പത്തനംതിട്ട: നഴ്സ് വേഷത്തിൽ ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പൊലീസ്. എയർ എംബോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ…

By :  Editor
Update: 2023-08-04 23:11 GMT

പത്തനംതിട്ട: നഴ്സ് വേഷത്തിൽ ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പൊലീസ്. എയർ എംബോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം.

കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയാണ് (24) ആക്രമിക്കപ്പെട്ടത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ. അരുണും അനുഷയും കോളജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്. പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹ. അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലാണ് കൊലപാതകശ്രമം പൊളിച്ചത്.

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.

സംശയം തോന്നിയ ആശുപത്രി ജീവനക്കാർ അനുഷയെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയായിരുന്നു. യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    

Similar News