വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കടന്ന് പിടിച്ച സംഭവം; പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: പിറവത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പ്രതികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ്…
തിരുവനന്തപുരം: പിറവത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പ്രതികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ആലുവ റൂറൽ എസ്പിയുടേത് ആണ് നടപടി. യുവതികളുടെ പരാതിയിൽ പരീതിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്‌പെൻഡ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് പരീതിന് സസ്‌പെൻഷൻ. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ബൈജുവിനെതിരെ നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിലേക്കും പോലീസ് കടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അരീക്കൽ വെള്ളച്ചാട്ടത്തിൽവച്ചായിരുന്നു പോലീസുകാരുടെ അതിക്രമം. യുവതികൾ വെള്ളത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ പരീതും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് സംരക്ഷിക്കാനെന്ന വ്യാജേന യുവതികളുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ആറ് വയസ്സുള്ള കുട്ടിയെയും ഇയാൾ കടന്ന് പിടിച്ചിരുന്നു. തുടർന്ന് യുവതികൾ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ നാട്ടുകാർ ഇടപെട്ട് പോലീസിന് കൈമാറുകയായിരുന്നു.
പ്രതികൾ പോലീസുകാരാണെന്ന് അറിഞ്ഞതോടെ പോലീസ് കേസ് എടുക്കാൻ മടിച്ചു. എന്നാൽ യുവതികൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.