കോഴിക്കോട് മെഡിക്കല്‍ കോളജ് പെട്രോള്‍ ബോംബേറ്; 'പോക്‌സോ ബഷീറിന്റെ' ബി കമ്പനി സംഘം പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് സമീപത്ത് വച്ച് ജീപ്പിന് നേരെ പൊട്രോള്‍ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പിടിയില്‍. പൂവാട്ട് പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീര്‍ എന്ന പോക്സോ…

;

By :  Editor
Update: 2023-10-10 11:33 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് സമീപത്ത് വച്ച് ജീപ്പിന് നേരെ പൊട്രോള്‍ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ പിടിയില്‍. പൂവാട്ട് പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീര്‍ എന്ന പോക്സോ ബഷീര്‍(42), ഷഹബാസ് അഷ്റഫ്(25), പൂവാട്ട് പറമ്പ് കേളന്‍പറമ്പ് അസ്‌കര്‍(35), ചെറൂപ്പ കോടഞ്ചേരി വീട്ടില്‍ ഫവാസ്(24), പെരിയങ്ങാട് തടായില്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്(40), പൂവാട്ടുപറമ്പ് പുറായില്‍ ഹൗസില്‍ ഷാഹുല്‍ ഹമീദ്(20), കുറ്റിക്കാട്ടൂര്‍ മേലേ അരയങ്കോട് മുനീര്‍(42), തീര്‍ത്തക്കുന്ന് അരുണ്‍(25), പൂവാട്ട് പറമ്പ് കളരിപുറായില്‍ അര്‍ഷാദ്(25), പെരുമണ്ണ പനച്ചിങ്ങല്‍ റോഡ് മുഹമ്മദ് അജ്നാസ്(23), തറോല്‍ പുളിക്കല്‍താഴം യാസര്‍ അറാഫത്ത് (28) എന്നിവരാണ് പിടിയിലായത്.

പരിക്കേറ്റ അര്‍ജുന്‍ എന്ന പ്രതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിപി കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും എസിപി സിദ്ധീഖ് എമ്മിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Full View

പൂവാട്ടു പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ബി' കമ്പനി സംഘാംഗങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന്റെ തലവന്‍ ബഷീര്‍ എന്ന പോക്സോ ബഷീറിനൊപ്പം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായിരുന്ന അജ്മല്‍ എന്നയാള്‍ കോടതിയില്‍ ഹാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. പൂവാട്ടുപറമ്പില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരുവിഭാഗങ്ങളും നടുറോഡില്‍ വച്ച് ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പരിക്കേറ്റവരെയും കൊണ്ട് മെഡിക്കല്‍ കോളജില്‍ എത്തിയ ബഷീറിന്റെ സംഘത്തെ പിന്‍തുടര്‍ന്നെത്തിയ എതിര്‍ സംഘം പെട്രോള്‍ നിറച്ച ബിയര്‍ കുപ്പികള്‍ എറിയുകയായിരുന്നു. വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രതിയാണ് അരുണ്‍. ഭൂരിഭാഗം പ്രതികളും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ബഷീറിന്റെ പേരില്‍ കുന്ദമംഗലം, മെഡിക്കല്‍ കോളജ്, മാവൂര്‍ സ്റ്റേഷനുകളില്‍ പോക്സോ, അടിപിടി അടക്കം നിരവധി കേസുകളുണ്ട്. ഇയാള്‍ ഫോര്‍വേഡ് ബ്ലോക് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയാണെന്ന് പറഞ്ഞാണ് പല പ്രശ്നങ്ങളിലും ഇടപ്പെട്ട് സെറ്റില്‍മെന്റ് നടത്താറുള്ളതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News