നിഥാരി കൂട്ടക്കൊലകേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി
അലഹബാദ്: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലകേസിൽ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച ഒന്നാം പ്രതി സുരീന്ദർ കോലി രണ്ടാം പ്രതി മനീന്ദർ സിങ് പാന്ദർ എന്നിവരുടെ ശിക്ഷ റദ്ദാക്കി അലഹബാദ്…
;അലഹബാദ്: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലകേസിൽ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച ഒന്നാം പ്രതി സുരീന്ദർ കോലി രണ്ടാം പ്രതി മനീന്ദർ സിങ് പാന്ദർ എന്നിവരുടെ ശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് രണ്ടാം പ്രതി മനീന്ദർ സിങ് പാന്ദറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
പ്രതികളുടെ മേലുള്ള കുറ്റം സംശയാതീതമായി പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലായെന്ന് കോടതി പറഞ്ഞു. സിബിഐ അന്വേഷിച്ചിരുന്ന കേസിൽ മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന് മാത്രമല്ല ഒന്നാം പ്രതി സുരീന്ദർ കോലി മാനസികരോഗിയാണെന്നും കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവം അന്വേഷണത്തിലെ പോരായ്മ എന്നിവ ചൂണ്ടിക്കാട്ടിയ കോടതി അവയവ കടത്ത് പോലുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും പറഞ്ഞു. ഈ പോരായ്മകളെല്ലാം കണക്കിലെടുത്താണ് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയത്.
രാജ്യത്ത് തന്നെ കോളിളക്കം സ്യഷ്ടിച്ച കേസുകളിൽ ഒന്നായിരുന്നു നിഥാരി കൊലപാതക പരമ്പരയുടേത്. 2005 മുതൽ നോയിഡയിലെ നിഥാരി എന്ന സ്ഥലത്തു നിന്നും നിരവധി സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നതായി പോലീസിൽ പരാതി ലഭിച്ചു. അന്വേഷണത്തിനിടയിൽ 2006ൽ ഗ്രാമത്തിലെ ഒരു വീടിനടുത്തുള്ള ഓടയിൽ നിന്നും കുട്ടികളുടെ അടക്കം തലയോട്ടിയും അസ്ഥികൂടവും കണ്ടെടുത്തു. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണത്തിനൊടുവിൽ ആ വീട്ടിലെ തന്നെ ജോലിക്കാരനായ സുരീന്ദർ കോലിയാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതോടെ അന്വേഷണസംഘം സുരീന്ദറിനെ അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുടമസ്ഥനായ മനീന്ദർ സിങ് പാന്ദറിനും കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. വളരെ ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങളാണ് നിഥാരിയിൽ നടന്നത്. ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ഇരകളെ കൊല്ലുകയും മൃതദേഹം സമീപത്തെ ഓടയിൽ മറവ് ചെയുകയുമാണ് പ്രതികൾ ചെയ്തത്. 14 പേരുടെ അസ്ഥികൂടമാണ് അന്ന് നിഥാരിയിലെ ആ ഓടയിൽ നിന്നും കണ്ടെത്തിയത്.
എന്നാൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി റദ്ദാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇരകളുടെ കുടുംബാംഗങ്ങൾ.