വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നു
മനാമ: വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത് പൊതുജനനന്മയെക്കരുതിയാണെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വന്ന…
മനാമ: വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത് പൊതുജനനന്മയെക്കരുതിയാണെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ വന്ന പരസ്യം കണ്ട് ഒരു ഉൽപന്നം ഉപയോഗിച്ച പെൺകുട്ടിയിൽനിന്ന് ഒരു പരാതി ലഭിച്ച കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ആ ഉൽപന്നം ഉപയോഗിച്ചത് ഗുരുതരമായ ത്വഗ് രോഗത്തിന് കാരണമായെന്നായിരുന്നു പരാതി. ആ സമൂഹ മാധ്യമ അക്കൗണ്ടിനെപ്പറ്റി അന്വേഷിച്ചപ്പോൾ അത് അജ്ഞാതവും ലൈസൻസില്ലാത്തതുമാണെന്ന് കണ്ടെത്തി.
ഇത്തരം ലൈസൻസില്ലാത്ത വെബ്സൈറ്റുകളെപ്പറ്റിയും സമൂഹ മാധ്യമ അക്കൗണ്ടുകളെപ്പറ്റിയും ഇവർ വിൽക്കുന്ന വസ്തുക്കളെപ്പറ്റിയും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ അധികാരികൾക്ക് അധികാരമുണ്ടെന്ന് അദ്ദേഹം ഇതുസംബന്ധിച്ച ചർച്ചയിൽ ഇടപെട്ടുകൊണ്ട് പാർലമെന്റിൽ പറഞ്ഞു. ഭീമമായ പിഴ, രജിസ്ട്രേഷൻ വ്യവസ്ഥകൾ എന്നിവയിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നതിനെത്തുടർന്ന് പരിഷ്കരിച്ച പ്രസിദ്ധീകരണ നിയമം സംബന്ധിച്ച ചർച്ച പാർലമെന്റ് രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തി. എല്ലാ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും നിയമങ്ങൾ ലംഘിച്ചാൽ വ്യവസ്ഥാപിത പ്രസിദ്ധീകരണങ്ങൾക്ക് സമാനമായ പിഴകൾ ഇവയും നേരിടേണ്ടിവരുമെന്ന വ്യവസ്ഥകളിൽ ചില എം.പിമാർ അതൃപ്തി പ്രകടിപ്പിച്ചു.
പരിഷ്കരിച്ച പ്രസിദ്ധീകരണ നിയമ പ്രകാരം, ലൈസൻസില്ലാതെ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയോ അനധികൃത പ്രസിദ്ധീകരണങ്ങൾ വിൽക്കുകയോ ലൈസൻസില്ലാതെ മാധ്യമങ്ങൾ പ്രവർത്തിപ്പിക്കുകയോ പരസ്യം നൽകി പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നവരിൽനിന്ന് 5,000 ദീനാർ വരെ പിഴ ഈടാക്കാം. പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടാനും അടച്ചുപൂട്ടാനും കോടതികൾക്ക് അധികാരമുണ്ട്.