പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയ പോലീസിനു നേരെ വെടിവയ്പ്; അച്ഛൻ പിടിയിൽ, മകൻ ഓടി രക്ഷപ്പെട്ടു

കണ്ണൂർ: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ കണ്ണൂരിൽ വെടിവയ്പ്പ്. ചിറക്കലിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മൻ തോമസ് എന്നയാളാണ്…

By :  Editor
Update: 2023-11-03 22:13 GMT

കണ്ണൂർ: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ കണ്ണൂരിൽ വെടിവയ്പ്പ്. ചിറക്കലിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മൻ തോമസ് എന്നയാളാണ് പൊലീസിനു നേരെ വെടിയുതിർത്തത്. ഇയാളെയാണ് അറസ്റ്റ് ചെയ്തത്.

വധ ശ്രമക്കേസിൽ ബാബുവിന്റെ മകൻ റോഷനെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്. പിന്നാലെ റോഷൻ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. വീടിനു സമീപം ഒരു കാർ തകർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പർ കട്ടർ കൊണ്ടു ആക്രമിച്ച കേസിലാണ് റോഷൻ പ്രതിയായത്. ഇയാളെ പിടികൂടാനായി വളപട്ടണം എസ്ഐ നിധിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം ചിറക്കൽ ചിറയ്ക്ക് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ കോണപ്പടി കയറി പൊലീസ് സംഘം എത്തി വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷൻ പിതാവ് ബാബു ഉമ്മൻ തോമസ് വെടിയുതിർത്തത്.

എസ്ഐ ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഘർഷത്തിനിടെയാണ് പൊലീസിനെ വെട്ടിച്ച് റോഷൻ രക്ഷപ്പെട്ടത്. വെടിയുതിർത്തതിനു പിന്നാലെ ബാബുവിനെ പൊലീസ് സംഘം കീഴ്‌പ്പെടുത്തി ഇയാളെ ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വ്യക്തമാക്കി. തോക്കിനു ലൈസൻസുണ്ടെന്നു പൊലീസ് പറഞ്ഞു.

ഒക്ടോബർ 22നാണ് തമിഴ്നാട് സ്വദേശിയെ റോഷൻ പേപ്പർ കട്ടർ കൊണ്ടു ആക്രമിച്ചത്. നിരവധി കേസുകൾ റോഷൻ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കർണാടകയിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്.

Tags:    

Similar News