തടവുകാർക്ക് ജയിൽ മാറ്റം; അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് പുരുഷ തടവുകാരെ മാറ്റും; എതിർപ്പുമായി ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാർക്ക് ജയിൽ മാറ്റം. അട്ടക്കുളങ്ങര വനിതാ ജയിൽ പൂജപ്പുര ജയിൽ വളപ്പിലേക്കും പൂജപ്പുരയിലെ പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്കും കൊണ്ടുവരാൻ തീരുമാനം. പൂജപ്പുരയിലെ തടവുകാരുടെ എണ്ണം…
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാർക്ക് ജയിൽ മാറ്റം. അട്ടക്കുളങ്ങര വനിതാ ജയിൽ പൂജപ്പുര ജയിൽ വളപ്പിലേക്കും പൂജപ്പുരയിലെ പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്കും കൊണ്ടുവരാൻ തീരുമാനം. പൂജപ്പുരയിലെ തടവുകാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ ജയിൽ മാറുന്നതിനുള്ള തീരുമാനത്തിൽ എതിർപ്പുമായി അട്ടക്കുളങ്ങര വനിതാ ജയിൽ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.
300 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലാണ് അട്ടക്കുളങ്ങര ജയിൽ. എന്നാൽ നിലവിൽ 35 തടവുകാരാണ് ജയിലിലുള്ളത്. 2011-വരെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലാണ് വനിതാ തടവുകാരെ പാർപ്പിച്ചിരുന്നത്. വനിതാ തടവുകാർക്ക് കൂടുതൽ സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തെ തുടർന്ന് അന്നത്തെ ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിന്റെ നേതൃത്വത്തിൽ വനിതാ തടവുകാരെ അട്ടക്കുളങ്ങരിയിലേക്ക് മാറ്റിയിരുന്നു. കൂടാതെ നെയ്യാറ്റിൻകരയിലെ വനിതാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരയിലേക്ക് മാറ്റി.
പൂജപ്പുര സെൻട്രൽ ജയിലിൽ 1400 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 727 പേരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ളിടത്താണ് ഇത്രയും പേർ താമസിക്കുന്നത്. ജയിലിൽ തടവുകാരുടെ എണ്ണം കൂടുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും കൂടുന്നു. ഇത് കണക്കിലെടുത്താണ് അട്ടക്കുളങ്ങര ജയിലിലേക്ക് തടവുകാരെ മാറ്റുന്നത്. വനിതാ തടവുകാരെ പഴയതു പോലെ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ മേഖല ജയിൽ ഡിഐജി ശുപാർശ നൽകിയിട്ടുണ്ട്.