നിയമസഹായം തേടിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഗവ.പ്ലീഡർ പുറത്ത്
കൊച്ചി: പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിനെ പുറത്താക്കി. മനുവിൽനിന്ന് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതിവാങ്ങി.…
കൊച്ചി: പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിനെ പുറത്താക്കി. മനുവിൽനിന്ന് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതിവാങ്ങി. പരാതിക്കാരിയായ കൊച്ചി സ്വദേശിയായ ഇരുപത്തഞ്ചുകാരിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.
ചോറ്റാനിക്കര പൊലീസിലാണ് യുവതി പരാതി നൽകിയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, വിവിധ ഐടി വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം ആകെ നാണക്കേടായതോടെയാണ് ഇയാളെ പുറത്താക്കാൻ തീരുമാനിച്ചത്. 2018ൽ ഉണ്ടായ പീഡനക്കേസിൽ ഇരയായ യുവതി കേസ് എങ്ങും എത്താത്തതിനെ തുടർന്നാണ് നിയമസഹായം തേടി മനുവിനെ സമീപിച്ചത്. കേസിൽ യുവതിയെ സഹായിച്ചിരുന്നത് അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഒരു എഎസ്ഐ ആയിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് സഹായം തേടി ഈ യുവതി ഗവൺമെന്റ് പ്ലീഡർക്കു മുന്നിലെത്തുന്നത്. ഒക്ടോബർ ഒൻപതിനായിരുന്നു ഇത്.
പിന്നീട് മനു കടവന്ത്രയിലെ ഓഫിസിലേക്കു നിയമസഹായം നൽകാനെന്ന രീതിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഇതു പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു. ഇതിനിടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ഫോൺ വിളിച്ച് അശ്ലീല സംഭാഷണം നടത്തുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഈ ഗവൺമെന്റ് പ്ലീഡർ അയച്ച സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും തെളിവായി പെൺകുട്ടി ഹാജരാക്കിയിരുന്നു. പരാതിയാകുമെന്ന് ഉറപ്പായപ്പോൾ ബന്ധുക്കളെ വിളിച്ച് മാപ്പപേക്ഷിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുമുണ്ട്.
ഇയാൾ പീഡിപ്പിച്ച വിവരം യുവതി ആദ്യം അമ്മയെയാണ് അറിയിച്ചത്. അമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇക്കാര്യം രേഖാമൂലം പൊലീസിൽ പരാതിയായി നൽകിയത്. ഇയാളുടെ ഓഫിസിൽവച്ച് രണ്ടു തവണ കടന്നുപിടിക്കാൻ ശ്രമിച്ചു. പിന്നീട് യുവതിയുടെ വീട്ടിലെത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറെന്ന നിലയിൽ പ്രത്യേകം ബോർഡ് വച്ച കാറിലെത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. കേസിന് ആവശ്യമായ സഹായം നൽകണമെങ്കിൽ വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി.
അധികാരം ദുർവിനിയോഗം ചെയ്ത് വിശ്വസിപ്പിച്ച് വഞ്ചനയും ചതിയും ചെയ്ത് ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ‘‘അഞ്ച് വർഷമായി നരകിക്കുന്ന ഈ കേസ് തീരണമെങ്കിൽ ഞാൻ ആവശ്യപ്പെടുന്ന രീതിയിലെല്ലാം സഹകരിക്കണം. എങ്കിൽ മാത്രമേ കേസ് നല്ലപോലെ തീരുകയുള്ളൂ. നീ വിചാരിക്കുന്നതു പോലെയല്ല. ഈ കേസിൽ നീ പ്രതിസ്ഥാനത്ത് എത്താൻ വളരെ സാധ്യതയുണ്ട്. പക്ഷേ ഞാൻ നിന്നെ രക്ഷിക്കാം, ഊരിയെടുക്കാം, നീ ഒന്നു മനസ്സു വച്ചാൽ മാത്രം മതി’ – മനു പറഞ്ഞതായി പരാതിയിൽ വിശദീകരിക്കുന്നു. ഇതു കേട്ടു താൻ കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനെന്നവണ്ണം മനു കടന്നുപിടിച്ചതായും ആരോപണമുണ്ട്.
‘‘നിന്റെ സ്നേഹം എനിക്കു വേണം. അതു മറ്റാർക്കും പകുത്തു പോകുന്നത് എനിക്കു സഹിക്കാൻ കഴിയില്ല. നമുക്ക് ഇങ്ങനെ സഹകരിച്ച് പോകാം. അപ്പോൾ കേസും വേഗത്തിലാകും. നമുക്കൊന്നിച്ച് ഇങ്ങനെ കഴിയാം. എനിക്കു നിന്റെ മണം എന്റെ മൂക്കിൽനിന്നു പോകുന്നില്ല.’’ – മനു പറഞ്ഞതായി പരാതിയിൽ വിശദീകരിക്കുന്നു.