ഓർഡർ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ ചത്ത പല്ലി; ഈ ഹോട്ടലില്‍ ഇത് സ്ഥിരം
ഓർഡർ ചെയ്ത് വരുത്തിയ ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടി. ഹൈദരാബാദ് ആര്‍ടിസി ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാവാർച്ചി ബിരിയാണി എന്ന ഹോട്ടലിൽ നിന്നാണ് ആംബർപേട്ട് സ്വദേശിയും…
;ഓർഡർ ചെയ്ത് വരുത്തിയ ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടി. ഹൈദരാബാദ് ആര്‍ടിസി ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാവാർച്ചി ബിരിയാണി എന്ന ഹോട്ടലിൽ നിന്നാണ് ആംബർപേട്ട് സ്വദേശിയും ഡിഡി കോളനിയിലെ താമസക്കാരനുമായ വിശ്വ ആദിത്യ എന്ന യുവാവിന് ചത്ത പല്ലിയെ കിട്ടിയത്. യുവാവ് തന്നെ പങ്കുവച്ച വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ വൈറലായിരിക്കുകയാണ്.
വീഡിയോ പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള സംഭവം ഈ ഹോട്ടലിൽ ആദ്യമായല്ലെന്ന് അറിയുന്നത്. മുൻപും ഇതേ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴിയാണ് യുവാവ് ബിരിയാണി ഓർഡർ ചെയ്തത്. സംഭവത്തെ കുറിച്ച് ഫോട്ടോ സഹിതം ആദിത്യ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ പരാതി നൽകിയിരുന്നു.
വീഡിയോ എക്സില്‍ പങ്കുവച്ചതിന് പിന്നാലെ പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കുന്നെന്നും പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമും എക്സിലൂടെ ട്വീറ്റ് ചെയ്തിരുന്നു. ഹോട്ടലിലും പരാതിപ്പെട്ടിരുന്നു. എന്നാലും ഹോട്ടൽ ഉടമകളുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് വിശ്വ ആദിത്യ കുടുംബത്തോടൊപ്പം ഹോട്ടലിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്‌തു. മുൻപും ഹോട്ടലിൽ വൃത്തിഹീനമായ ഭക്ഷണം നൽകിയതിന് മുനിസിപ്പാലിറ്റി പരിശോധന നടത്തിയിട്ടുണ്ട്.