ബത്തേരി ടൗണിലും കരടി എത്തി; കോടതിയുടെ മതിൽ ചാടിക്കടന്നു
ബത്തേരി: വയനാട് ബത്തേരി ടൗണിലും കരടിയെത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. ദേശീയപാത മുറിച്ചുകടന്ന് കരടി കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ…
;ബത്തേരി: വയനാട് ബത്തേരി ടൗണിലും കരടിയെത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. ദേശീയപാത മുറിച്ചുകടന്ന് കരടി കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ സമയം ഇവിടെ കാർ നിർത്തിയിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പുറകുവശത്തെ മതിൽ ചാടിക്കടന്ന് കോളിയാടി ഭാഗത്തേക്ക് പോയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തി. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്. ബത്തേരിയിൽ കരടിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മാനന്തവാടിയിൽ ഇറങ്ങിയ കരടി നാല് ദിവസം ജനവാസമേഖലയിൽ കറങ്ങി നടന്നിരുന്നു. മയക്കുവെടി വയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കരടിയെ ഓടിച്ചു വനത്തിൽ കയറ്റിയെന്നാണ് രണ്ടു ദിവസം മുൻപ് വനംവകുപ്പ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയിൽ ബത്തേരി ടൗണിലും കരടിയെത്തിയത്.
ബുധൻ രാത്രി 10.15ന് ആണ് നെയ്ക്കുപ്പ പാലത്തിന് സമീപം എത്തിയ കരടിയെ നാട്ടുകാരും വനംവകുപ്പ് അധികൃതരും ചേർന്ന് പാതിരി സൗത്ത് സെക്‌ഷനിലെ ചെഞ്ചടി ചങ്ങലമൂല വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ, വെള്ളമുണ്ട, എടവക, പനമരം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച കരടി ഒടുവിൽ ബുധൻ വൈകിട്ട് ആറോടെ പൂതാടി പഞ്ചായത്തിലെ വനപ്രദേശമായ കാരിമലക്കൊല്ലി കോളനിക്ക് സമീപം എത്തിയിരുന്നു. കോളനിക്കാരെ കണ്ട കരടി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കയറിയെങ്കിലും പിന്നീട് കാണാതായി. തുടർന്ന് നരസിപുഴയോരത്തുകൂടി നടന്നു പോയതായി കോളനിക്കാർ പറഞ്ഞിരുന്നു.