മുഖ്യമന്ത്രിയുടെ മകൾ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ; ഉടൻ നോട്ടിസ് നൽകും
തിരുവനന്തപുരം/കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയുമായ വീണാ വിജയനെ സീരിയസ് ഫ്രോഡ്…
തിരുവനന്തപുരം/കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയുമായ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടിസ് നൽകാനാണു തീരുമാനം. എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടിസ് നൽകുക. അതിനാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്തേക്കില്ലെന്നാണു വിവരം.
ഇന്നലെ കെഎസ്ഐഡിസി ഓഫിസിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. നാലരയ്ക്കുശേഷം മടങ്ങി. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്‌ക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ എസ്എഫ്ഐഒ സംഘം ശേഖരിച്ചു. അന്വേഷണം ചോദ്യംചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന. സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു കോടതി ചോദിച്ചു.
കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരിന്റെ സമരം ഇന്നു ഡൽഹിയിൽ നടക്കുമ്പോഴാണ് തലേന്ന്, സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയിൽ കേന്ദ്രാന്വേഷണ സംഘം എത്തിയത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കെഎസ്ഐഡിസി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.