റിട്ട. എസ്‌ഐയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തി; ഭാര്യയുടെ സ്വര്‍ണമാല തട്ടിയെടുത്ത് ഓടിയ യുവതി പിടിയില്‍

തിരുവനന്തപുരം: റിട്ട. എസ്‌ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പൊലീസ്…

By :  Editor
Update: 2024-02-08 02:26 GMT

തിരുവനന്തപുരം: റിട്ട. എസ്‌ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടികൂടിയത്. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്‌ഐ ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവര്‍ന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടില്‍ എത്തുന്നത്.തുടര്‍ന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ ജയലക്ഷ്മിയും അകത്തുകയറി. വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

റോഡിലേക്ക് ഇറങ്ങിയ യുവതി സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെയാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ വൃദ്ധ ദമ്പതികള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുവെച്ച് വൈകീട്ടോടെ പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല. നേമം സിഐ പ്രജീഷ്, എസ്‌ഐമാരായ ഷിജു, രജീഷ്, സിപിഒമാരായ രതീഷ്ചന്ദ്രന്‍, സജു, കൃഷ്ണകുമാര്‍, ബിനീഷ്, സുനില്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News