സിദ്ധാർഥന്റെ ദുരൂഹമരണം; പുറത്ത് പറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഭീഷണി; മർദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ ആക്രമിക്കപ്പെടുമെന്നു ഭയന്ന് ഒളിവിൽ
കല്പറ്റ: ആൾക്കൂട്ടവിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥനെ മർദിച്ച സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ. സംഭവത്തിൽ…
കല്പറ്റ: ആൾക്കൂട്ടവിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥനെ മർദിച്ച സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ.
സംഭവത്തിൽ ഉൾപ്പെട്ട സിൻജോ ജോൺസനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. മർദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ ആക്രമിക്കപ്പെടുമെന്നു ഭയന്ന് അവധിയിൽ പോയിരിക്കുകയാണ്. കോളേജ് ഹോസ്റ്റലിൽ പലപ്പോഴും അടിപിടി നടക്കാറുണ്ട്. കോളേജിൽ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിതനിയമം. അങ്ങനെയാണ് മർദിച്ചവർ പറഞ്ഞതെന്നും വിദ്യാർഥികൾ പറയുന്നു. നേരത്തേ കോളേജിന്റെ പുറകിലുള്ള കുന്നിൻമുകളിൽ കൊണ്ടുപോയി മറ്റൊരു വിദ്യാർഥിയെ മർദിച്ച സംഭവമുണ്ടായിട്ടുണ്ട്. സിൻജോയുൾപ്പെടെയുള്ളവരെ ഭയന്ന് ആരും ഒന്നും പറയുകയോ പ്രതികരിക്കുകയോ ഇല്ല. മൂന്നുദിവസം മർദനമേറ്റുവാങ്ങേണ്ടിവന്നിട്ടും ഒരാൾപോലും സിദ്ധാർഥിനെ സഹായിക്കുകയോ ആശുപത്രിയിൽ കൊണ്ടുപോവുകയോ ചെയ്തില്ല. കോളേജ് അധികൃതരെയും അറിയിച്ചില്ല. മർദനത്തിൽ ശാരീരികമായും മാനസികമായും തകർന്നാണ് സിദ്ധാർഥൻ ജീവനൊടുക്കിയത്.
16-നും 17-നും കോളേജിൽ സ്പോർട്‌സ് ഡേ നടന്നിരുന്നു. 16-ന് രാത്രിയിലാണ് മർദനവും അക്രമവും തുടങ്ങിയതെന്നാണ് അറസ്റ്റിലായവർ പോലീസിനോടു പറഞ്ഞത്. 17-ന് സിദ്ധാർഥൻ മാനസികമായി തളർന്ന നിലയിലായതുകൊണ്ട് കാവലിരുന്നെന്നും പറഞ്ഞിരുന്നു. 18-ന് പ്രശ്നമൊന്നുമില്ലെന്നു കണ്ടതോടെ പിന്നീട് അത്ര കാര്യമാക്കിയില്ല. കുളിക്കാൻ പോവുകയാണെന്നു പറഞ്ഞ് ബാത്ത് റൂമിൽ കയറിയ സിദ്ധാർഥനെ ഉച്ചയോടെ മരിച്ചനിലയിൽ കാണുകയായിരുന്നു.
18-നാണ് സിദ്ധാർഥൻ മരിച്ചതെങ്കിലും നാഷണൽ ആന്റി റാഗിങ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് സംഭവം മാറുന്നത്. അതുവരെ അസ്വാഭാവികമരണത്തിനാണ് കേസെടുത്തത്. റാഗിങ് നടന്നതായി കുട്ടികൾതന്നെ കോളേജ് അധികൃതർക്ക് മൊഴിനൽകുന്നതും പോലീസ് കേസെടുക്കുന്നതുമെല്ലാം റാഗിങ് സെല്ലിന്റെ ഇടപെടലിനുപിന്നാലെ 23-ന് സസ്പെൻഷൻ ഉത്തരവിറങ്ങിയ ശേഷമാണ് 12 പ്രതികളും ഒളിവിൽപ്പോയിരിക്കുന്നത്. പ്രതികൾ എസ്.എഫ്.ഐ. പ്രവർത്തകരായതുകൊണ്ടാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നാണ് സിദ്ധാർഥന്റെ ബന്ധുക്കൾ ഉൾപ്പെടെ ആരോപിക്കുന്നത്.