രാമേശ്വരം കഫെ സ്ഫോടനം: തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യം പുറത്ത്, പ്രതിയെന്ന് സംശയം; തിരച്ചിൽ ഊര്‍ജ്ജിതം
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ…
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഉള്ളയാൾക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാൾ സ്ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിറങ്ങി നടന്നു വരുന്ന ദൃശ്യവും ലഭിച്ചു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നഗരമെമ്പാടും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്നലെ തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.
തൊപ്പി വച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇയാൾ കടയിലേക്ക് കയറി. ശേഷം ബില്ലിങ് കൗണ്ടറിൽ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോകുന്ന ഇയാൾ ഭക്ഷണം കഴിക്കാതെ മേശപ്പുറത്ത് വെച്ച ശേഷം കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് ഉപേക്ഷിച്ച ശേഷം തിരികെ മടങ്ങിപ്പോവുകയായിരുന്നു. ഇതിന് ശേഷം കുറച്ച് കഴിഞ്ഞാണ് ഹോട്ടലിൽ സ്ഫോടനം നടന്നത്.
സംഭവത്തിൽ എൻഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലായിരുന്നു. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു ബോംബ്. ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചതെന്ന് ഫോറൻസിക് പരിശോധനാ ഫലം വന്ന ശേഷമേ വ്യക്തമാകൂ. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളെ കണ്ടേക്കും.
സ്ഫോടനം 2022- ലേ മംഗളൂരു സ്ഫോടനത്തിന് സമാനമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. രാമേശ്വരം കഫേയിലെ ബോംബും 2022- ൽ മംഗളൂരു കുക്കർ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ബോംബും സമാനമെന്നാണ് സംശയം. ബോംബിന്റെ ഡിറ്റണേറ്റർ ബൾബ് ഫിലമെന്റാണ് സ്ഫോടനത്തിന്റെ ഡിറ്റനേറ്റർ ആയി ഉപയോഗിച്ചത്. ഇതിനെ നിയന്ത്രിച്ചത് ഡിജിറ്റൽ ടൈമർ ഉപയോഗിച്ചായിരുന്നുവെന്നാണ് സംശയം. 2022 നവംബർ 19- ന് മംഗളൂരുവിൽ ഒരു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച കുക്കർ ബോംബ് സ്ഫോടനവുമായുളള സമാനതകൾ പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ജാഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ. പരിശോധനകൾ വർധിപ്പിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്സവ ആഘോഷങ്ങൾ വരാനിരിക്കെ സുരക്ഷ കർശനമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.