സിദ്ധാർഥൻ മരിച്ച ദിവസം ഉച്ചമുതൽ വിസി ക്യാംപസില്‍; മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപേ അഴിച്ച് പ്രതികൾ
കൽപറ്റ∙ കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥൻ മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട്.…
കൽപറ്റ∙ കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥൻ മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട്. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയാറായില്ല. മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാംപസിൽ നിന്നു പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായും റിപ്പോർട്ട് ഉണ്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം അഴിച്ചത് പ്രതികൾ തന്നെയാണ്. മർദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർഥന്റെ ഫോണും പ്രതികൾ പിടിച്ചു വച്ചിരുന്നു. ഫോൺ തിരികെ നൽകിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
തൂങ്ങിയ നിലയിൽ കണ്ടെത്തുന്നതിനു മുൻപ് 16ന് ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർഥനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാർഥൻ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പിറ്റേന്നു വീണ്ടും മർദിച്ചു. അന്നു രാവിലെ പ്രതികൾ ഫോൺ കൈമാറി. തുടർന്ന്, ഫോണിൽ അമ്മയോട് 24നു വീട്ടിലെത്തുമെന്നു സിദ്ധാർഥൻ പറഞ്ഞു. പിന്നീട് സിദ്ധാർഥന്റെ മരണവാർത്തയാണ് എത്തിയത്.