'ഞാന്‍ ചതിക്കപ്പെട്ടു; മുഖ്യമന്ത്രി എന്റെയും കുടുംബത്തിന്റെയും വായ അടപ്പിച്ചു; ഒരാഴ്ചയ്ക്കിടെ തെളിവുകള്‍ നശിപ്പിച്ചു'; സിദ്ധാര്‍ഥിന്റെ പിതാവ്
തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന്…
തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടെതെന്നും പിതാവ് പറഞ്ഞു നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാല്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നായിരുന്നു ജയപ്രകാശിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ രക്ഷിക്കാന്‍ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു. ഞാന്‍ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. എല്ലാവരും ഇതിനെതിരെ രംഗത്തുവന്നപ്പോള്‍ പെട്ടന്ന് അതിന് തടയിടേണ്ട ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. താന്‍ മണ്ടനായിപ്പോയി. എന്റെയും കുടുംബത്തിന്റെയും വായ അടച്ചുവച്ചു. എല്ലാ നടക്കുമെന്ന് താനും ധരിച്ചു. ഒരാഴ്ച അവര്‍ക്ക് മതിയായിരുന്നു. അതിനിടെ തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്നും ജയപ്രകാശ് പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് അന്ന് ഞാന്‍ അവിടെനിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്ന് പറയുന്നില്ല. പക്ഷേ, അവിടേക്കു പോകുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല. അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിനു മുന്നില്‍ സമരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. ഡീനിനെതിരെയും നടപടി വേണം. 'അന്വേഷണം എവിടെയോ വഴിമുട്ടി നില്‍ക്കുകയാണ്. പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സിബിഐ ഇതുവരെ വന്നിട്ടുമില്ല. എനിക്ക് എവിടെയെങ്കിലും എന്റെ ആവലാതികള്‍ പറയേണ്ടേ? എന്നെ സഹായിക്കുമെന്ന് ഉറപ്പുള്ളവരുടെ അടുത്ത് എനിക്കു പോകണം. ഇത്രയും കാലം രാഷ്ട്രീയപരമായി ചിന്തിക്കുക പോലും ചെയ്യാതെ എന്നെ സഹായിച്ച കുറച്ചുപേരുണ്ടായിരുന്നു. അതില്‍ ഉള്‍പ്പെട്ടയാളാണ് വിഡി സതീശന്‍ സാറും അദ്ദേഹത്തിന്റെ കൂടെയുള്ളവരും."ഇതുവരെ കേസിന്റെ ഭാഗമായി പലരേയും കണ്ടിട്ടുണ്ട്. എനിക്ക് വിശ്വാസമുള്ളവരുടെ അടുത്താണ് ഇപ്പോള്‍ പോകുന്നത്. വിശ്വാസമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ വന്നതും. ഭരണപക്ഷത്തുള്ളവരുടെ അടുത്താണ് യഥാര്‍ഥത്തില്‍ സഹായം തേടി പോകേണ്ടത്. നീതി തേടേണ്ടതും അവരോടാണ്. പക്ഷേ, പോയിക്കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് അവിടേക്കു പോകാത്തത്. ഒരു ലാഭവും നോക്കാതെ എന്നെ സഹായിക്കാന്‍ ഇവരുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ജയപ്രകാശ് പറഞ്ഞു.