സിദ്ധാർഥന്റെ മരണം: സി.ബി.ഐ സംഘം വയനാട്ടിൽ; പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ്…

By :  Editor
Update: 2024-04-06 04:15 GMT

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ഇവര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡി.വൈ.എസ്.പിയുമായും കൂടിക്കാഴ്ച നടത്തി.

ഒരു എസ്.പിയും ഡി.വൈ.എസ്.പിയും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് നടത്തിയത്. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അനേഷണസംഘം ചെയ്തതെന്നാണ് സൂചന. രണ്ട് ഉദ്യോ​ഗസ്ഥർ കൂടി അന്വേഷണസംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത്. അന്വേഷണം വൈകുന്ന ഒരോ നിമിഷവും കുറ്റവാളികള്‍ക്ക് നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ ഒന്‍പതിനുമുന്‍പ് വിജ്ഞാപനമിറക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ടി. ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
Tags:    

Similar News