പോക്സോ കേസ്: ഡൽഹിയിൽനിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത പോക്സോ കേസ് പ്രതി പോലീസ് പിടിയിൽനിന്ന് ചാടിപ്പോയി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് രക്ഷപ്പെട്ടത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ…

By :  Editor
Update: 2024-05-19 09:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത പോക്സോ കേസ് പ്രതി പോലീസ് പിടിയിൽനിന്ന് ചാടിപ്പോയി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് രക്ഷപ്പെട്ടത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് സച്ചിന്‍ രവി ഷാര്‍ജയില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. പത്തനംതിട്ടയില്‍നിന്നുള്ള സൈബര്‍ പോലീസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്ക് വിമാനമാര്‍ഗ്ഗം എത്തിച്ച് ബസിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി ചാടിപ്പോയത്. ചെന്നൈക്ക് സപീപം കാവേരിപട്ടണം എന്ന സ്ഥലത്ത് വാഹനമെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യത്തിനായി ബസ് റോഡരികിൽ നിര്‍ത്തിയപ്പോഴാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സച്ചിന്‍ രവി കടന്നുകളഞ്ഞത്.

ഇയാളെ പിടികൂടാനായി തമിഴ്‌നാട് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ട് പൊതു ഇടങ്ങളില്‍ പലയിടത്തും സച്ചിന്റെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ പെട്ടെന്നുതന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇയാളുടെ കയ്യില്‍ രേഖകളോ പണമോ ഉണ്ടാകാനിടയില്ലെന്ന് പോലീസ് കണക്കാക്കുന്നു.2019-ൽ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടായിരുന്നു സൈബര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News