ഡിഫൻസ് സർവിസിൽ ഓഫിസറാകാം - ഒഴിവുകൾ 459
യു.പി.എസ്.സി 2024 സെപ്റ്റംബർ ഒന്നിന് ദേശീയതലത്തിൽ നടത്തുന്ന രണ്ടാമത് കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ വഴി ബിരുദക്കാർക്ക് പ്രതിരോധ സേനാവിഭാഗങ്ങളിൽ ഓഫിസറാകാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്…
യു.പി.എസ്.സി 2024 സെപ്റ്റംബർ ഒന്നിന് ദേശീയതലത്തിൽ നടത്തുന്ന രണ്ടാമത് കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ വഴി ബിരുദക്കാർക്ക് പ്രതിരോധ സേനാവിഭാഗങ്ങളിൽ ഓഫിസറാകാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ വിവിധ കോഴ്സുകളിൽ പരിശീലനം പൂർത്തിയാക്കണം. ആകെ 459 ഒഴിവുകളാണുള്ളത്. ഓരോ കോഴ്സിലും ലഭ്യമായ ഒഴിവുകൾ ചുവടെ- ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 ശമ്പളനിരക്കിലാണ് നിയമനം.
- മിലിട്ടറി അക്കാദമി, ഡെറാഡൂൺ -159ാമത് കോഴ്സ് 2025 ജൂലൈയിൽ ആരംഭിക്കും. ഒഴിവുകൾ- 100 (എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുകാർക്ക് 13 ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. ആർമി വിങ് വിഭാഗത്തിനാണ് അവസരം).
- നാവിക അക്കാദമി, ഏഴിമല - കോഴ്സ് 2025 ജൂലൈയിൽ തുടങ്ങും. (എക്സിക്യൂട്ടിവ് ബ്രാഞ്ച്- ജനറൽ സർവിസ്/ഹൈഡ്രോ) ഒഴിവുകൾ -32, നേവൽ വിങ് എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുകാർക്ക് ആറു ഒഴിവുകൾ ലഭ്യമാണ്.
- വ്യോമ അക്കാദമി, ഹൈദ്രാബാദ് (പ്രീ-ഫ്ലൈയിങ് ട്രെയിനിങ് കോഴ്സ് ജൂലൈ 2025ന് ആരംഭിക്കും. ഒഴിവുകൾ -32 (എയർവിങ് എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുകാർക്ക് 3 ഒഴിവുകൾ - എൻ.സി.സി സ്പെഷൽ എൻട്രി വഴി തെരഞ്ഞെടുക്കും).
- ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ- 122ാമത് എസ്.എസ്.സി (പുരുഷന്മാർ) നോൺ ടെക്നിക്കൽ (യു.പി.എസ്.സി) കോഴ്സ് 2025 ഒക്ടോബറിൽ ആരംഭിക്കും. ഒഴിവുകൾ 276.
- ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ -36ാമത് എസ്.എസ്.സി (വനിതകൾ) നോൺ ടെക്നിക്കൽ (യു.പി.എസ്.സി) കോഴ്സ് 2025 ഒക്ടോബറിൽ തുടങ്ങും. ഒഴിവുകൾ -19.
യോഗ്യത: മിലിട്ടറി അക്കാദമി, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി കോഴ്സുകൾക്ക് ബിരുദം (ഏതെങ്കിലും വിഷയം) മതി. നാവിക, വ്യോമ അക്കാദമി കോഴ്സുകൾക്ക് എൻജിനീയറിങ് ബിരുദമാണ് വേണ്ടത്. വ്യോമ അക്കാദമി കോഴ്സിന് മറ്റു ബിരുദക്കാർക്കും അപേക്ഷിക്കാം. എന്നാൽ പ്ലസ് ടുവിന് ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം.
പ്രായപരിധി -കര, വ്യോമ, നാവിക അക്കാദമി കോഴ്സുകളിൽ അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2001 ജൂലൈ 2നും 2006 ജുലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. വ്യോമ അക്കാദമി കോഴ്സിന് പ്രായപരിധി 1.7.2025ന് 20-24 വയസ്സ്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വയസ്സുവരെയാകാം. 25 വയസ്സിന് താഴെയുള്ളവർ അവിവാഹിതരായിരിക്കണം.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.inൽനിന്നും ഡൗൺലോഡ് ചെയ്ത് ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം. www.upsconline.nic.inൽ ഇതിനുള്ള സൗകര്യമുണ്ട്. ഫീസ് 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗത്തിനും ഫീസില്ല. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിൽ ലഭിക്കും.