15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയുടേത് കൊലപാതകമോ?; പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചില്ല:സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ…

By :  Editor
Update: 2024-07-02 05:32 GMT

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റിക് ടാങ്ക് കുഴിച്ച് പൊലീസ് പരിശോധന ആരംഭിച്ചു.

കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളിൽ ആരോ മദ്യപാന സദസ്സിൽ വെളിപ്പെടുത്തിയതാണെന്ന് സൂചന. ഇവിടെയുണ്ടായിരുന്നവരിൽ ആരെങ്കിലുമാകണം അമ്പലപ്പുഴ പൊലീസിൽ ഊമക്കത്ത് അയച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

അമ്പലപ്പുഴയ്ക്കടുത്ത് കാക്കാലം എന്ന സ്ഥലത്ത് മൂന്നുമാസം മുൻപുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ഈ കേസിലെ പ്രതികളായവർക്ക് മാന്നാനത്ത് 15 വർഷം മുൻപു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതക സൂചനകൾ പുറത്തുവരുന്നതിലേക്ക് നയിച്ചത്.

കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിക്കുന്നത്. നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതിട്ടുണ്ട്. എന്നാല്‍ പഴയ ബാത്ത്‌റൂമും സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെയാണ്. പഴയ ബാത്ത്‌റൂം പൊളിച്ച് കളയാത്തതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സംശയം ഉന്നയിച്ചിരുന്നു. ഇക്കാര്യം നാട്ടുകാരിൽ പലരും ചോദിച്ചപ്പോൾ വാസ്തു പ്രശ്നം കാരണമാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.

15 വർഷം മുൻപ്, കലയെ കാണാനില്ലെന്ന് ഭർത്താവ് അനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ കേസിൽ കാര്യമായ അന്വേഷണമുണ്ടായില്ല. അനിൽ പിന്നീട് വീണ്ടും വിവാഹിതനായി. ഇയാൾ ഇപ്പോൾ ഇസ്രയേലിലാണ്. കലയ്ക്കും അനിലിനും ഒരു മകനാണുള്ളത്. കലയുടെ മാതാപിതാക്കൾ രണ്ടുപേരും നേരത്തെ മരിച്ചു. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ട് സഹോദരങ്ങളാണുള്ളത്. ഓട്ടോഡ്രൈവറായ ഇദ്ദേഹം കലയുടെ തിരോധാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല. പ്രതികളിലൊരാൾ ഭാര്യയുമായുള്ള തർക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

Tags:    

Similar News