ഹാത്രാസ് ദുരന്തത്തിന് കാരണം സ്ത്രീകൾ ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ തിരക്കുകൂട്ടിയത്
ദില്ലി: ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങാണ് ഹാത്രാസിൽ വൻ ദുരന്തത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ. ഏകദേശം രണ്ടരലക്ഷത്തോളം ആളുകളാണ് ഭോലെ ബാബയെന്ന ആൾദൈവത്തിൻെറ പ്രഭാഷണം കേൾക്കാനായി എത്തിയത്.…
ദില്ലി: ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങാണ് ഹാത്രാസിൽ വൻ ദുരന്തത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ. ഏകദേശം രണ്ടരലക്ഷത്തോളം ആളുകളാണ് ഭോലെ ബാബയെന്ന ആൾദൈവത്തിൻെറ പ്രഭാഷണം കേൾക്കാനായി എത്തിയത്. ചടങ്ങ് നടന്ന മൈതാനത്ത് വഴുക്കൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാബയുടെ കാലിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിക്കും തിരക്കും കൂട്ടിയതോടെ കാര്യങ്ങൾ കൈവിട്ട് പോയി.
ഉത്തർപ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നിരിക്കുകയാണ്. പ്രഭാഷണം കഴിഞ്ഞ് ആൾദൈവം ഭോലെ ബാബയുടെ ആഡംബര വാഹനം പുറത്തേക്ക് പോവുന്നതിനിടെയാണ് തിരക്കുണ്ടായത്. വാഹനങ്ങൾ പുറത്തേക്ക് പോവുന്നതിന് വേണ്ടി സംഘാടകർ വേദി മുതൽ പുറത്തെ റോഡ് വരെ വഴിയുണ്ടാക്കി. ഇതിനായി മൈതാനത്തിലെ ആളുകളെയെല്ലാം രണ്ട് ഭാഗത്തായി നിർത്തി.
ഇതിനിടയിൽ ബാബയുടെ വാഹനത്തിൽ തൊടാനും വാഹനം പോയിടത്ത് നിന്നുള്ള മണ്ണ് ശേഖരിക്കുന്നതിനുമായി ആളുകൾ തിരക്ക് കൂട്ടാൻ തുടങ്ങി. സ്ത്രീകളാണ് കാര്യമായി തിരക്ക് കൂട്ടിയതെന്ന് പ്രദേശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ബാബയുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന സുരക്ഷാ വാഹനങ്ങൾ കടന്നുപോവുന്നതിന് വേണ്ടി ഒരു കൂട്ടം സ്ത്രീകളെ സംഘാടകർ തടഞ്ഞ് നിർത്തിയിരുന്നു. എന്നാൽ ഇവർ വാഹനം പോയ സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നതിന് വേണ്ടി മുന്നോട്ട് വന്നുകൊണ്ടേയിരുന്നു.
ഇത് കൂടാതെ പരിപാടി കഴിഞ്ഞതിന് പിന്നാലെ മൈതാനത്തിന് പുറത്ത് കടന്ന് വാഹനങ്ങളിൽ കയറി വീട്ടിലേക്ക് പോവാനുള്ള ആളുകളുടെ തിരക്കുമുണ്ടായി. ഇതെല്ലാമാണ് വൻ ദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കും. നിലവിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാത്രാസിൽ ക്യാമ്പ് ചെയ്ത് സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൈതാനത്ത് തിക്കും തിരക്കുമുണ്ടായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തർ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 80000 പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. എന്നാൽ ഏകദേശം 2.5 ലക്ഷം പേർ സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസിൻെറ എഫ്ഐആറിൽ പറയുന്നു.
“സംഘാടകരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്. സത്സംഗം കഴിഞ്ഞ ശേഷം ബാബയുടെ വാഹനം കടന്നുപോവാൻ വേദിയിൽ നിന്ന് സംഘാടകർ വഴിയൊരുക്കി. ചെറിയ മഴയും മറ്റും കാരണം മൈതാനത്ത് നല്ല വഴുക്കുണ്ടായിരുന്നു. നിയന്ത്രിക്കാൻ സാധിക്കാത്ത അത്രയും ആളുകളാണ് ഇവിടെ ഒന്നിച്ച് കൂടിയത്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.