അമീബിക് മസ്തിഷ്കജ്വരം: മരണനിരക്ക് 95%; ജാഗ്രത അനിവാര്യം
കഴിഞ്ഞ കുറച്ച് മാസങ്ങളായി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. വളരെ ഗൗരവത്തോടെ കാണേണ്ടതാണിത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 വയസ്സുള്ള ആണ്‍കുട്ടി അണുബാധയേറ്റ് മരിച്ചത് കഴിഞ്ഞ…
കഴിഞ്ഞ കുറച്ച് മാസങ്ങളായി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. വളരെ ഗൗരവത്തോടെ കാണേണ്ടതാണിത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 വയസ്സുള്ള ആണ്‍കുട്ടി അണുബാധയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഛര്‍ദിയുടെയും തലവേദനയുടെയും ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറോളം വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടില്‍ കഴിഞ്ഞ ശേഷമാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീടിനു സമീപമുള്ള കുളത്തില്‍ നീന്തിക്കുളിച്ച ശേഷമാണ് കുട്ടി വീട്ടിലെത്തിയതെന്നും ഇതുവഴിയാവാം രോഗാണു പ്രവേശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
അമീബിക് മസ്തിഷ്‌കജ്വരം നമുക്കിടയില്‍ ഭീതിയുണര്‍ത്തി നില്‍ക്കുന്ന സമയമാണിത്. ജാഗ്രത കാത്തുസൂക്ഷിച്ചുകൊണ്ട് ഭയമേതുമില്ലാതെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ട കാലമാണിത്. ഈ രോഗമുണ്ടാക്കുന്ന സ്വതന്ത്രമായി ജീവിക്കുന്ന അമീബകളാണ്, പ്രധാനമായും നെഗ്ലേറിയ ഫൗളേറി, അകാന്തമീബ എന്നീ ഇനങ്ങളാണ്. 'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങള്‍, നദികള്‍, മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയ ചുറ്റുപാടുകളില്‍ സാധാരണയായി കാണപ്പെടുന്നു. വെള്ളത്തിനടിയിലായി ചേറില്‍ കാണപ്പെടുന്ന ഇവ കലര്‍ന്ന മലിനമായ വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍, അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഇത് വീക്കവും, വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കണ്ണൂരില്‍ 13 വയസുകാരിയും മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഈ രോഗത്തിന് മരണനിരക്ക് 95% ആണ് എന്നതാണ് രോഗത്തെക്കുറിച്ച് കൂടുതൽ ഭയം ജനിക്കുന്നതിന് കാരണം.നെഗ്ലേറിയ ഫൗളേറി മൂലമുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് (പിഎഎം), അകാന്തമീബ സ്പീഷീസ് മൂലമുണ്ടാകുന്ന ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസ് (ജിഎഇ) എന്നിങ്ങനെ രണ്ടുരൂപത്തില്‍ പ്രകടമാകാം.
മസ്തിഷ്കജ്വരം എന്നത് കുടിവെള്ളത്തിലൂടെയോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പകരില്ല എന്നതാണ്. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന്, പൊതുജനാരോഗ്യ നടപടികളും വ്യക്തിഗത മുന്‍കരുതലുകളും നിര്‍ണായകമാണ്. മൂക്കില്‍ വെള്ളം കയറുന്നത് ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, പ്രത്യേകിച്ച് ശുദ്ധജലാശയങ്ങളില്‍. ശരിയായ പൂള്‍ ശുചിത്വം ഉറപ്പുവരുത്തുക: നീന്തല്‍ക്കുളങ്ങള്‍ നന്നായി പരിപാലിക്കുന്നതും ക്ലോറിനേറ്റ് ചെയ്യുന്നതും ഉറപ്പാക്കുക.
വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക.പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക: മലിനമായ ജലവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും അണുബാധയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക.