ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി…

By :  Editor
Update: 2024-07-16 21:55 GMT

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു. ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. ഛണ്ഡിപ്പുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. മരണസാധ്യത കൂടുതലായ രോഗത്തിനു എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രി അറിയിച്ചു.

സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുണെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്. ശക്തമായ പനി, മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്.

Tags:    

Similar News