വിമാനയാത്രക്കിടെ ജിൻഡാൽ സ്റ്റീൽ സി.ഇ.ഒ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. താന്‍ നേരിട്ട അനുഭവം യുവതി എക്‌സിലൂടെ…

By :  Editor
Update: 2024-07-19 02:50 GMT

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. താന്‍ നേരിട്ട അനുഭവം യുവതി എക്‌സിലൂടെ പങ്കുവെച്ചു. ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത- അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.

'ഒരു വ്യവസായിയുടെ അടുത്താണ് ഞാന്‍ ഇരുന്നത്. അയാള്‍ക്ക് ഏകദേശം 65 വയസ്സ് ഉണ്ടായിരിക്കണം, അയാള്‍ ഇപ്പോള്‍ ഒമാനിലാണ് താമസിക്കുന്നത്, പതിവായി യാത്രചെയ്യാറുണ്ടെന്ന് എന്നോട് പറഞ്ഞു. അയാൾ എന്നോട് സംസാരിച്ചുതുടങ്ങി, ഞങ്ങളുടെ കുടുംബവേരുകളും മറ്റും. വളരെ സാധാരണമായ സംഭാഷണമായിരുന്നു അത്. അദ്ദേഹം രാജസ്ഥാനിലെ ചുരു സ്വദേശിയാണ്, രണ്ട് ആണ്‍മക്കളും വിവാഹിതരായി യുഎസില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. സംഭാഷണം എന്റെ ഹോബികള്‍ എന്താണെന്നതിലേക്ക് നീങ്ങി. ഞാന്‍ സിനിമ ആസ്വദിക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു, തീര്‍ച്ചയായും, എനിക്കിഷ്ടമാണെന്ന് പറഞ്ഞു. തന്റെ ഫോണില്‍ ചില സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. തുടര്‍ന്ന് എന്നെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കാന്‍ ഫോണും ഇയര്‍ഫോണും ഊരി!', യുവതി എക്‌സില്‍ കുറിച്ചു. ഇതോടെ താന്‍ ഞെട്ടുകയും ഭയത്തില്‍ മരവിച്ചതായും യുവതി പറയുന്നു.

പിന്നിടയാള്‍ എന്നെ ശരീരത്തിൽ തടവിത്തുടങ്ങി. ഞാന്‍ ഞെട്ടലിലും ഭയത്തിലും മരവിച്ചു. ഒടുവില്‍ ഞാന്‍ വാഷ്റൂമിലേക്ക് ഓടിപ്പോയി ജീവനക്കാരോട് പരാതിപ്പെട്ടു. നന്ദി, ഇത്തിഹാദ് ടീം, വളരെ സജീവമായി പ്രവര്‍ത്തിക്കുകയും ഉടന്‍ നടപടിയെടുക്കുകയും ചെയ്തു. അവര്‍ എന്നെ അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തി. എനിക്ക് ചായയും പഴങ്ങളും നല്‍കി', യുവതി പറഞ്ഞു.ബോസ്റ്റണിലേക്കുള്ള തന്റെ കണക്റ്റിങ് ഫ്‌ളൈറ്റ് നഷ്ടമാകുമെന്നതിനാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നും യുവതി വ്യക്തമാക്കി.

വിമാനത്തിലെ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തതയാണ് മനസ്സിലാക്കുന്നതെന്നും യുവതി എക്‌സില്‍ കുറിച്ചു. അബുദാബി പോലീസ് ദിനേശ് കുമാര്‍ സരോഗിയെ കസ്റ്റഡിയിലെടുത്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.ജിന്‍ഡാല്‍ സ്റ്റീല്‍ ഉടമ നവീന്‍ ജിന്‍ഡാലിനെ ടാഗ് ചെയ്തുകൊണ്ടാണ് യുവതി എക്‌സില്‍ ആരോപണമുന്നയിച്ചിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും നവീന്‍ ജിന്‍ഡാല്‍ മറുപടി നല്‍കി. ഇത്തരം കാര്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം യുവതിക്ക് ഉറപ്പുനല്‍കി.

Tags:    

Similar News