സൗദിയിലിനി മധുവൂറം മാമ്പഴക്കാലവും; ഉൽപാദനത്തിൽ 68 ശതമാനം സ്വയംപര്യാപ്തത നേടി രാജ്യം
ദമ്മാം: സൗദി അറേബ്യക്കും ഇനി സ്വന്തമായൊരു മാമ്പഴക്കാലമുണ്ടാകും. മരുഭൂമിയുടെ പരിമിതികൾ മറികടന്ന് കാർഷിക മേഖലയിൽ സൗദി ഇപ്പോൾ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ്. തദ്ദേശീയമായി മാമ്പഴ ഉൽപാദനത്തിൽ 68…
ദമ്മാം: സൗദി അറേബ്യക്കും ഇനി സ്വന്തമായൊരു മാമ്പഴക്കാലമുണ്ടാകും. മരുഭൂമിയുടെ പരിമിതികൾ മറികടന്ന് കാർഷിക മേഖലയിൽ സൗദി ഇപ്പോൾ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ്. തദ്ദേശീയമായി മാമ്പഴ ഉൽപാദനത്തിൽ 68 ശതമാനം സ്വയംപര്യാപ്തത രാജ്യം കൈവരിച്ചതായി പരിസ്ഥിതി- ജല- കൃഷി മന്ത്രാലയം വ്യക്തമാക്കി. 89,500 ടണ്ണിൽ കൂടുതലാണ് ഇത്തവണ മാമ്പഴത്തിന്റെ വാർഷിക വിളവെടുപ്പ് ഉണ്ടായത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ 6,966 ഹെക്ടർ സ്ഥലത്ത് മാവിൻ കൃഷിയുണ്ട്.
കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഹാർവെസ്റ്റ് സീസൺ കാമ്പയിനാണ് മാമ്പഴ ഉൽപാദനത്തിലും ഈ റെക്കോർഡ് നേട്ടമുണ്ടാക്കിയത്. കാർഷികോൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുക, വിവിധ സീസണൽ പഴവർഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, കർഷകർക്ക് പിന്തുണ നൽകുന്നതിനായി പ്രാദേശിക പഴ വിപണന സംവിധാനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കാർഷിക മന്ത്രാലയം ഹാർവെസ്റ്റ് സീസൺ കാമ്പയിൻ ആരംഭിച്ചത്.
വാർഷിക വിളവെടുപ്പിൽ 60,026 ടൺ മാമ്പഴ ഉൽപാദനവുമായി ജിസാൻ മേഖലയാണ് ഒന്നാം സ്ഥാനത്ത്. 17,915 ടണ്ണുമായി മക്ക രണ്ടാം സ്ഥാനത്തുണ്ട്. മദീന 4,505 ടൺ, അസീർ 2,845 ടൺ, തബൂക്ക് 2,575 ടൺ, അൽ ബാഹ 912 ടൺ, നജ്റാൻ 347 ടൺ, കിഴക്കൻ പ്രവിശ്യ 198 ടൺ, റിയാദ് 117 ടൺ, അൽ ഖസിം 60 ടൺ എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിൽനിന്നുള്ള കണക്കുകൾ. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് സൗദി അറേബ്യയിൽ മാമ്പഴക്കാലം. ഇത് ഉയർന്ന വരുമാനമുള്ള ഉഷ്ണമേഖല വിളയാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
ടോമി അറ്റ്കിൻസ്, കേറ്റ്, കെൻറ്, അൽഫോൺസ്, സുക്കാരി, ബട്ടർ, അൽ-ഹിന്ദി, അൽ-ജലേൻ, ലാംഗ്ര, അൽ-ജൂലി, സെന്റേഷൻ, ഫജർ ക്ലാൻഡ്, അൽ-സമാക തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടെ 20-ലധികം വ്യത്യസ്തയിനം മാമ്പഴങ്ങളാണ് രാജ്യത്ത് വിളവെടുക്കുന്നത്. ഒവൈസ്, തൈമൂർ, നവോമി, വലൻസിയ, അയൂൺ അൽ-മഹ, അൽ-സൽ, പാമർ, തായ് തുടങ്ങിയവയും മധുരം മാത്രമല്ല പോഷകഗുണവും സമ്മാനിക്കുന്ന മാമ്പഴയിനങ്ങളാണ്.
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മാമ്പഴം. നിരവധി ഔഷധ ഗുണങ്ങളുള്ള മാമ്പഴം ദഹനത്തെയും ഹൃദയാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു, ചില കാൻസറുകളുടെയും അനീമിയയുടെയും സാധ്യത കുറയ്ക്കുന്നു, ചർമത്തിന്റെയും കണ്ണിന്റെറയും ആരോഗ്യം സംരക്ഷിക്കുന്നു തുടങ്ങിയ ഗുണങ്ങളും മാമ്പഴത്തിനുണ്ട്.
ഗാർഹിക ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനും ഗുണനിലവാരവും സുരക്ഷ നിലവാരവും ഉയർത്താനും പ്രാദേശിക പഴവിപണന സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും മന്ത്രാലയം പദ്ധതികൾ ആവിഷ്കരിച്ചത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.
കൃഷിയെക്കുറിച്ചും ഓരോ കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന പഴവർഗങ്ങളെക്കുറിച്ചുള്ള അവബോധം നൽകലും ആളുകളെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ഹാർവെസ്റ്റ് സീസൺ കാമ്പയിൽ സൗദിയിൽ കാർഷിക മേഖലയിൽ വൺ വിപ്ലവത്തിന് ഇടമൊരുക്കിയതായും മന്ത്രാലയം നിരീക്ഷിക്കുന്നു.