അർജുനായി 13-ാം നാളിലും തിരച്ചിൽ; പുഴയുടെ ഒഴുക്കിന് നേരിയ കുറവ്
അങ്കോല (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 13-ാം ദിവസവും തുടരുന്നു. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘവും നാവികസേനയും സംയുക്തമായാണ് ദൗത്യം…
അങ്കോല (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 13-ാം ദിവസവും തുടരുന്നു. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘവും നാവികസേനയും സംയുക്തമായാണ് ദൗത്യം തുടരുന്നത്.
അർജുൻ അവിടെ ഉണ്ടെന്ന വിശ്വാസത്തിലാണ് ഇന്നും ദൗത്യത്തിന് ഇറങ്ങുന്നതെന്ന് തിരച്ചിലിന് മുമ്പ് മാൽപെ പറഞ്ഞിരുന്നു. എന്നാൽ വലിയ പാറകളും മരങ്ങളും അടക്കം ഉള്ളതിനാൽ പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള ഞായറാഴ്ചത്തെ പരിശോധന ഇതുവരെ സാധ്യമായിട്ടില്ലാ എന്നാണ് വിവരം. അതേസമയം, രാവിലെ രണ്ടുതവണ മഴ പെയ്തത് ഒഴിച്ചാൽ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഒഴുക്കും ജലനിരപ്പും കുറവാണ്.
ശനിയാഴ്ച മാൽപെയുടെ നേതൃത്വത്തിൽ നദിയുടെ ആഴത്തിൽ സംഘം പരിശോധിച്ചിരുന്നു. എന്നാൽ ആഴത്തിൽ ചെളിയും പാറയും ഉള്ളതും നദിയിലെ കുത്തൊഴുക്കും വില്ലനായി. ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.