വെടിവച്ചത് മൂന്നു തവണ: യുവതി എത്തിയത് കൊറിയർ നൽകാനെന്ന പേരിൽ
തിരുവനന്തപുരം: നഗരമധ്യത്തിലെ വീട്ടിൽ സ്ത്രീക്കുനേരെ അജ്ഞാതയായ സ്ത്രീ വെടിവച്ചത് മൂന്നു തവണ. ഒരു തവണ ദേഹത്തേക്കും രണ്ടു തവണ നിലത്തേക്കുമാണ് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത്…
തിരുവനന്തപുരം: നഗരമധ്യത്തിലെ വീട്ടിൽ സ്ത്രീക്കുനേരെ അജ്ഞാതയായ സ്ത്രീ വെടിവച്ചത് മൂന്നു തവണ. ഒരു തവണ ദേഹത്തേക്കും രണ്ടു തവണ നിലത്തേക്കുമാണ് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് പടിഞ്ഞാറേക്കോട്ടയിൽ ‘പങ്കജ്’ എന്ന വീട്ടിലെ ഷിനിക്കു നേരെയാണ് കൊറിയർ നൽകാനെന്ന പേരിലെത്തിയ സ്ത്രീ വെടിവച്ചത്.
ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഷിനിക്ക് കാര്യമായ പരുക്കില്ല. ആശുപത്രിയിൽ ചികിത്സ തേടി. എൻആർഎച്ച്എമ്മിലാണ് ഷിനി ജോലി ചെയ്യുന്നത്. ഭർത്താവ് വിദേശത്താണ്. ഷിനി ആരാണെന്നു ചോദിച്ചാണ് അക്രമിയെത്തിയതെന്ന് ഷിനിയുടെ ഭർത്താവിന്റെ അച്ഛൻ ഭാസ്കരൻ നായർ പറഞ്ഞു.
‘ ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ ഷിനി ഇവിടെയാണോ താമസിക്കുന്നതെന്നു ചോദിച്ചു. എന്താ കാര്യമെന്ന് ഞാൻ ചോദിച്ചു. ഒരു റജിസ്ട്രേഡ് ലെറ്റർ ഉണ്ടെന്നു വന്ന സ്ത്രീ പറഞ്ഞു. ഷിനി ഒപ്പിട്ടാലേ കൊടുക്കൂ എന്നു പറഞ്ഞു. ശരി വിളിക്കാമെന്ന് ഞാൻ പറഞ്ഞു. പുറകോട്ട് തിരിഞ്ഞ്, വീടിനകത്തുള്ള ഷിനിയെ വിളിച്ചു.
പേന മറന്നു പോയി, പേനകൂടി എടുക്കാൻ പറയണേ എന്ന് വന്ന സ്ത്രീ പറഞ്ഞു. ഷിനിയോട് പേനകൂടി എടുക്കാൻ ഞാൻ പറഞ്ഞു. പേനയെടുത്ത് ഷിനി വന്നു. കൊറിയറുമായി വന്ന സ്ത്രീ വലിയ ഷീറ്റ് പേപ്പറും വലിയ കവറും എടുത്തു. കവർ മുന്നോട്ടു നീട്ടി. ഒപ്പിടാൻ ഷിനി ഒരുങ്ങിയതും വെടിവച്ചു. ഷിനി കൈ കൊണ്ട് തടഞ്ഞു. ഉള്ളം കയ്യിൽ വെടികൊണ്ടു. പിന്നീട് തറയിൽ രണ്ടു തവണ വെടിവച്ചു’’–ഭാസ്കരൻ നായർ പറഞ്ഞു.
വന്നയാളെ പരിചയമില്ലെന്ന് വീട്ടുകാർ പറയുന്നു. കുറിയറുമായി വന്നയാൾക്ക് അത്യാവശ്യം ഉയരമുണ്ടെന്നും മെലിഞ്ഞയാളല്ലെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ ശബ്ദമൊന്നും സ്ത്രീ വരുമ്പോഴും പോകുമ്പോഴും കേട്ടില്ല. ഷിനിക്ക് മിക്കവാറും കൊറിയർ വരാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.