മണിക്കൂറുകൾക്കുള്ളിൽ ചെക്ക് പണമാക്കാം, യു.പി.ഐയിലും പരിഷ്‍കാരം; മാറ്റങ്ങളുമായി ആർ.ബി.ഐ
ന്യൂഡൽഹി: ചെക്ക് ക്ലിയർ ചെയ്യുന്ന പ്രക്രിയയിൽ മാറ്റങ്ങളുമായി ആർ.ബി.ഐ. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം പറഞ്ഞത്. ചെക്ക്…
ന്യൂഡൽഹി: ചെക്ക് ക്ലിയർ ചെയ്യുന്ന പ്രക്രിയയിൽ മാറ്റങ്ങളുമായി ആർ.ബി.ഐ. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം പറഞ്ഞത്. ചെക്ക് നൽകിയ ദിവസം തന്നെ അത് ക്ലിയർ ചെയ്യുന്ന രീതിയിലേക്ക് മാറാനാണ് ഒരുങ്ങുന്നതെന്ന് ആർ.ബി.ഐ അറിയിച്ചു. നിലവിൽ ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം വഴി ഒരു ചെക്ക് മാറണമെങ്കിൽ രണ്ട് ദിവസം വരെയെടുക്കും. ഇത് മാറ്റി അന്ന് തന്നെ ചെക്ക് ക്ലിയർ ചെയ്യുന്ന സംവിധാനത്തിന് തുടക്കം കുറിക്കാനാണ് ആർ.ബി.ഐയുടെ നീക്കം.
പുതിയ സംവിധാനപ്രകാരം ചെക്ക് ബാങ്കിൽ സമർപ്പിച്ചാൽ മണിക്കൂറുകൾക്കകം തന്നെ ക്ലിയർ ചെയ്യും. ഇതിനായി വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു.യു.പി.ഐ വഴി അടക്കാവുന്ന നികുതിയുടെ പരിധിയും ആർ.ബി.ഐ ഉയർത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമാക്കിയാണ് പരിധി ഉയർത്തിയത്. യു.പി.ഐ ഉപയോഗിച്ച് നടത്തുന്ന പല ഇടപാടുകൾക്കും നേരത്തെ തന്നെ പരിധി ഉയർത്തിയിരുന്നു. ഘട്ടം ഘട്ടമായി യു.പി.ഐ ഇടപാട് പരിധി പൂർണമായി അഞ്ച് ലക്ഷത്തിലേക്ക് ഉയർത്തുമെന്നും ആർ.ബി.ഐ വ്യക്തമാക്കി.
അതേസമയം, തുടർച്ചയായ ഒമ്പതാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. കേന്ദ്രബാങ്കിന്റെ പണനയ കമിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിശ്ചയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് ഇനിയും എത്താത്ത സാഹചര്യത്തിലാണ് ആർ.ബി.ഐയുടെ തീരുമാനം
പണനയ യോഗത്തിലെ ആറിൽ നാല് പേരും റിപ്പോ നിരക്ക് മാറ്റാതെ തുടരുന്നതിനെ അനുകൂലിച്ചുവെന്ന് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിച്ചതിന് ശേഷം മാത്രമേ നയംമാറ്റം പരിഗണിക്കാനാവുവെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.