ഹോസ്പിറ്റാലിറ്റി അധ്യാപക യോഗ്യതാ പരീക്ഷ നവം 17ന്

Update: 2024-10-16 05:47 GMT

ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലെക്ചറർ, ടീച്ചിങ് അസോസിയേറ്റ്സ് നിയമനത്തിനായുള്ള നാഷനൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി) നവംബർ 17 ഞായറാഴ്ച എൻ.സി.എച്ച്.എം സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തും. മൂന്ന് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. ഒന്നും രണ്ടും പേപ്പറുകൾ അടങ്ങിയ ആദ്യ ഷിഫ്റ്റ് രാവിലെ 10-12 മണിവരെയും മൂന്നാമത്തെ പേപ്പറിനായുള്ള രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം 2-4 മണിവരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത മാതൃകയിലുള്ള പരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി ഉൾപ്പെടെ രാജ്യത്തെ 16 കേന്ദ്രങ്ങളിലായി നടക്കും. ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തിൽ ഗുണമേന്മ നിലനിർത്താൻ കൂടിയാണ് പരീക്ഷ. വിജ്ഞാപനം, സിലബസുമടങ്ങിയ വിവരണപത്രിക https://nchm.gov.inൽനിന്ന് ലഭിക്കും. അധ്യാപക നിയമനത്തിനായുള്ള പ്രായപരിധി കഴിയുംവരെ എൻ.എച്ച്.ടി.ഇ.ടി സർട്ടിഫിക്കറ്റിന് പ്രാബല്യമുണ്ടായിരിക്കും.

യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ഹോട്ടൽ മാനേജ്മെന്റ്/കുലിനറി ആർട്ട് എന്നിവയിൽ 55 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബിരുദവും ഹോസ്പിറ്റാലിറ്റി വ്യവസായമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം മാസ്റ്റേഴ്സ് ബിരുദം. പ്രായപരിധി 35 വയസ്സ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽ പെടുന്നവർക്ക് അഞ്ചു വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാഫീസ് 1000 രൂപ. വനിതകൾ, ട്രാൻസ്ജൻഡർ/എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർക്ക് 500 രൂപ മതി. ഓൺലൈനായി നവംബർ ഒന്നിനകം അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്/കൺഫർമേഷൻ ഷീറ്റ് രജിസ്ട്രേഡ് തപാലിൽ Director (A & F), National Council for Hotel Management and Catering Technology, A 34, Sector 62, Noida-2013089 (UP) എന്ന വിലാസത്തിൽ അയക്കുകയും വേണം. അഡ്മിറ്റ് കാർഡ് നവംബർ 11 മുതൽ 17 വരെ ഡൗൺലോഡ് ചെയ്യാം. 

Tags:    

Similar News