പിന്നിട്ട അഞ്ചു വര്‍ഷം മലബാര്‍ മില്‍മയ്ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണകാലം

Update: 2024-12-06 03:24 GMT

കോഴിക്കോട്: അഞ്ച് വർഷത്തിനിടെ മലബാർ മിൽമ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. കേരള സർക്കാരിന്റെയും മലബാർ മിൽമയുടെയും അഭിമാന പദ്ധതിയായ മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 131.03 കോടി രൂപയാണ് മുതൽമുടക്ക്.


പ്രവർത്തനമികവിനൊപ്പം നിരവധി അംഗീകാരങ്ങളും മലബാർ മിൽമയ്ക്ക് ലഭിച്ചു. അഞ്ച് വർഷത്തിനിടെ വാർഷിക വിറ്റുവരവ് 48ശതമാനം വർദ്ധനയോടെ 1581.23 കോടി രൂപയിലെത്തി. 2019-20 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ 5091.7കോടി രൂപയാണ് മലബാർ മിൽമ പാൽവിലയായി ക്ഷീര കർഷകർക്ക് ക്ഷീര സംഘങ്ങളിലൂടെ നൽകിയത്. 2019ൽ 868.3 കോടി പാൽവിലയായി നൽകിയിരുന്ന സ്ഥാനത്ത് ഇത്തവണ 1145.5 കോടി രൂപയാണ് കൈമാറിയത്. അധിക പാൽവിലയായി 110 കോടി രൂപയും കർഷകർക്ക് നൽകി.പ്രതിദിന പാൽ സംഭരണത്തിൽ 4.47 ശതമാനം വർദ്ധന ഇക്കാലയളവിൽ നേടാനായി. സംസ്ഥാന തലത്തിൽ ഇത് 0.22 ശതമാനം മാത്രമാണ്. പാൽ സംഭരണം ഇക്കാലയളവിൽ 6,23,496 ലിറ്ററിൽ നിന്ന് 6,51,339 ലിറ്ററായി വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍റിച്ച് പാല്‍, പാലടപ്രഥമന്‍, ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍മസാല, ഇന്‍സ്റ്റന്റ് പുളിശേരി, മില്‍മ ഗീ ചപ്പാത്തി, ഫണ്‍ബാര്‍, ഗീ ബിസ്‌ക്കറ്റ്, ഗീ കേക്ക്, കോഫി കേക്ക്, ബട്ടര്‍ പ്ലം കേക്ക്, ബട്ടര്‍ പുഡ്ഡിംഗ് കേക്ക്, പ്രോബയോട്ടിക് കേര്‍ഡ്, പശുവിന്‍ പാല്‍, ലോംഗ് ലൈഫ് ഗോള്‍ഡ് (യുഎച്ച്ടി പാല്‍), മില്‍മ ലൈറ്റ് (ഡബിള്‍ ടോണ്‍ഡ് യുഎച്ച്ടി പാല്‍, പാല്‍ഖോവ, ഇഡ്ഡലി ദോശ മാവ്, കട്ടിമോര്, അല്‍ഫോണ്‍സാ മാംഗോ യോഗര്‍ട്ട്, സെറ്റ് കേര്‍ഡ്, മില്‍മ ഷുഗര്‍ ഫ്രീ യോഗര്‍ട്ട്, പനീര്‍ അച്ചാര്‍, മില്‍മ ബട്ടര്‍ ഡ്രോപ്‌സ്, റെഡി ടു ഡ്രിങ്ക് ഇന്‍സ്റ്റന്റ് പാലട പ്രഥമന്‍, ഒസ്മാനിയ ബട്ടര്‍ ബിസ്‌ക്കറ്റ്, ബട്ടര്‍ കുക്കീസ്, ഗോള്‍ഡല്‍ മില്‍ക്ക്, ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ്, ഐസി പോപ്പ്, എന്നിവയും 12 പുതിയ ഇനം ഐസ്‌ക്രീമുകളുമുള്‍പ്പെടെ അമ്പതോളം പുതിയ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ബൃഹത്തായ ശ്രേണി തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലബാര്‍ മില്‍മ പുറത്തിറക്കിയിട്ടുണ്ട്. മേഖലാ യൂണിയനു കീഴിലുള്ള ഡെയറികള്‍ നൂതന യന്ത്രങ്ങള്‍ സ്ഥാപിച്ച് ആധുനിക വത്ക്കരിച്ച് കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കാനും ഇക്കാലയളവില്‍ സാധിച്ചു.

മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്‍ വഴി വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. കിഡ്നി രോഗികളായ ക്ഷീര കര്‍ഷകര്‍ക്ക് ഡയാലിസിസിന് പ്രതിമാസം 1000 രൂപ വീതം എംആര്‍ഡിഎഫ് ധന സഹായം നല്‍കുന്നുണ്ട്. ഇതിനായി 192 ലക്ഷം രൂപയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം നല്‍കിയത്.

മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി ജെയിംസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Similar News