താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ
താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ. മര്യാദയ്‌ക്ക് പൃഥ്വി അവന്റെ ജോലി ചെയ്ത് ജീവിക്കട്ടെയെന്നും അവന് ആഗ്രഹമുണ്ടെങ്കിൽ അമ്മയുടെ തലപ്പത്ത് വരട്ടെയെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
അമ്മയുടെ തുടക്കകാലത്ത് സംഘടനയ്‌ക്കുള്ളിൽ ഒരുപാട് വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അന്നേ അതൊക്കെ തിരുത്തണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് സുകുമാരൻ. നടനായിട്ടല്ല, ഒരു വക്കീലായിട്ടാണ് അദ്ദേഹം ഓരോന്നും ചൂണ്ടിക്കാട്ടിയത്. പക്ഷേ ഈഗോയുടെ പേരിൽ ആരും അതൊന്നും കാര്യമാക്കിയിരുന്നില്ല. പിന്നീട് അദ്ദേഹം മരിച്ചതിന് ശേഷം സംഘടന അതൊക്കെ തിരുത്തി.
കൈനീട്ടം കൊടുക്കുന്നതിലൊക്കെ എനിക്ക് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതൊക്കെ ഞാൻ ഇടവേള ബാബുവിനോട് തുറന്നുപറഞ്ഞിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് കൈനീട്ടം കൊടുക്കണം. പാവപ്പെട്ടവരെ മാറ്റി നിർത്തിയിട്ട് വിദേശത്ത് പരിപാടിയ്‌ക്ക് പോകുന്നവർക്കാണ് കൈനീട്ടം നൽകുന്നത്. മരുന്ന് വാങ്ങാൻ കാശില്ലാത്ത പഴയ നടിമാരുണ്ട് ഇവിടെ. അവരെയാണ് ആദ്യം സഹായിക്കേണ്ടത്.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. മിണ്ടാതെ ഇരിക്കുന്നവർക്ക് മാത്രമേ അമ്മയുടെ തലപ്പത്തിരിക്കാൻ പറ്റുള്ളൂ. പ്രായമുള്ള ഞങ്ങളൊക്കെ പോയാൽ തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയും. പവർഗ്രൂപ്പൊക്കെ മുമ്പാണുള്ളത്. പരാതിക്കാരായ ഒരു നടിമാരെയും ഞാൻ സിനിമയിൽ കണ്ടിട്ടില്ല. അവരൊക്കെ പറയുന്നത് ശരിയാണാേ എന്ന് പോലും ഉറപ്പില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.