ഐ–ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഡെലിവറിക്കെത്തിയ ആളെ കൊന്ന് കനാലിലിട്ടു
ഐ–ഫോണ്‍ സ്വന്തമാക്കാനായി രണ്ടു യുവാക്കള്‍ ചേര്‍ന്നു നടത്തിയ അരുംകൊലയുടെ ചുരുളഴിയുന്നു. ഒന്നര ലക്ഷം രൂപയുടെ ഐ–ഫോണ്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത്, ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ നല്‍കി. ഫോണുമായി ഡെലിവറിക്കെത്തിയ മുപ്പതുകാരനെ യുവാക്കള്‍ കൊന്ന് കനാലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് നാടിനെ നടുക്കിയ സംഭവം.
ചിന്‍ഹത്ത് സ്വദേശിയായ ഗജനന്‍ എന്നയാളുടെ പേരില്‍ ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ഐ–ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. സാധനം കയ്യില്‍ കിട്ടുമ്പോള്‍ പണം അടിച്ചാല്‍ മതിയെന്ന, ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനായിരുന്നു പ്രതികള്‍ സെലക്ട് ചെയ്തത്. നിഷാദ്ഗന്‍ജ് സ്വദേശിയായ ഭരത് സാഹു എന്നയാളാണ് ഫോണ്‍ ഡെലിവറിക്കെത്തിയത്. ശ്വാസംമുട്ടിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കനാലിലെറിയുകയായിരുന്നു
സെപ്റ്റംബര്‍ 23നായിരുന്നു കൊല നടന്നത്. രണ്ടുദിവസമായി സാഹുവിനെ കാണാതായതോടെ വീട്ടുകാര്‍ സെപ്റ്റംബര്‍ 25ന് പൊലീസില്‍ പരാതി നല്‍കി. സാഹുവിന്‍റെ ഫോണ്‍കോള്‍ വിവരങ്ങളും ലൊക്കേഷനും പൊലീസ് ശേഖരിച്ചു. അവസാനമായി ഗജനനെയാണ് സാഹു വിളിച്ചതെന്ന് മനസ്സിലാക്കി ഇയാളെ ചോദ്യം ചെയ്തു. തുടരന്വേഷണത്തില്‍ കൂട്ടുപ്രതിയായ ആകാശിനെയും കണ്ടെത്തി.
ചോദ്യം ചെയ്യലിനിടെ ആകാശ് കുറ്റസമ്മതം നടത്തി. മൃതദേഹം ഇന്ദിര കനാലില്‍ ഉപേക്ഷിച്ചതായി ഇയാളാണ് പൊലീസിനോട് പറഞ്ഞത്. മൃതദേഹത്തിനായി തിരച്ചില്‍ വ്യാപിപ്പിച്ചതായി ഡി.സി.പി ശശാങ്ക സിങ് വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ സേനയുമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.