‘ആര്‍എസ്എസ് തീവ്രവാദ സംഘടന,പ്രവര്‍ത്തനം നിരോധിക്കണം’; കനേഡിയന്‍ സിഖ് നേതാവ്
ആര്‍.എസ്.എസ് തീവ്രവാദ സംഘടനയാണെന്നും അവരുടെ കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ആവശ്യവുമായി കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിക്കുന്ന നേതാവാണ് ജഗ്മീത് സിങ്.
നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് തലവന്‍ മൈക്ക് ദുഹോം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ്ജഗ്മീത് സിങ്ങിന്റെ പ്രസ്താവന
‘കാനഡയിലെ പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാണ്. അവര്‍ കാനഡക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇത് വളരെ ഗുരുതരമാണ്. ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ ഒരുപാട് സ്‌നേഹിക്കുന്നു. അതിനാല്‍ഏതറ്റം വരേയും പോകും.'-ജഗ്മീത് സിങ്ങ് വ്യക്തമാക്കി.
ആര്‍എസ്എസിനെ കാനഡയില്‍ നിരോധിക്കണം. ആ തീവ്രവാദ സംഘടന ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ വിവിധ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ജഗ്മീത് സിങ് ആരോപിക്കുന്നു. ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണക്കുന്ന ജഗ്മീത് സിങ്ങ് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്ത്യക്കെതിരെയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെയും ഉന്നയിച്ചിരിക്കുന്നത്.