ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ലഷ്‌കർ ഭീകരൻ റുവാണ്ടയിൽ പിടിയിൽ; നിർണായകമായത് എൻഐഎ – ഇൻ്റർപോൾ നീക്കം
കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാലത്സംഗം ചെയ്ത കേസിലെ പ്രതിയാണ് റൈഹാൻ;
ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ അംഗം സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. എൻഐഎയും ഇൻ്റർപോളും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ഇയാൾ റുവാണ്ടയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൽമാൻ വിതരണം ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ബെംഗളൂരുവിൽ ഭീകരത പടർത്താനുള്ള ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2023ലാണ് എൻഐഎ കേസെടുത്തത്. ബെംഗളൂരുവിലെ ഹെബ്ബാൾ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഐഎയുടെ അഭ്യർത്ഥന പ്രകാരം 2024 ഓഗസ്റ്റ് 2 ന് ഇൻറർപോൾ സൽമാനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ ഇയാൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
മറ്റ് രണ്ട് കേസുകളിലെ പ്രതികളെയും ഈ മാസം ഇന്ത്യയിൽ എത്തിച്ചിരുന്നു. സൗദി അറേബ്യയിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവരെ പിടികൂടുന്നതിനായും ഇൻറർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബർകത്ത് അലി ഖാൻ, റൈഹാൻ അറബിക്കലലാരിക്കൽ എന്നിവരെയാണ് ഇന്ത്യയിലെത്തിച്ചത്. അലി ഖാനെതിരെയുള്ള കേസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകി. കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാലത്സംഗം ചെയ്ത കേസിലെ പ്രതിയാണ് റൈഹാൻ. പട്ടാമ്പി പോലീസ് അന്വേഷിക്കുന്ന ഇയാൾക്ക് വേണ്ടിയും റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം 26 കുറ്റവാളികളെയാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ചത്.