ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകരയിലെ മുൻമാനേജർ വെട്ടിച്ചത് 42 അക്കൗണ്ടിലെ സ്വർണം; ദക്ഷിണേന്ത്യയിൽ പലയിടത്ത് വിറ്റിരിക്കാൻ സാധ്യത

Update: 2024-08-22 04:36 GMT

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ സ്വകാര്യ ധനകാര്യസ്ഥാപനം പണയംവെച്ച 78 അക്കൗണ്ടുകളിലെ സ്വർണത്തിൽനിന്നാണ് മുൻമാനേജർ മധാ ജയകുമാർ വെട്ടിപ്പുനടത്തിയതെന്ന് പോലീസ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യമുള്ളത്.

‘ചാത്തംകണ്ടത്തിൽ ഫൈനാൻസിയേഴ്‌സ്’ എന്ന സ്ഥാപനം നേരത്തേ 250 അക്കൗണ്ടുകളിലായി ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകരശാഖയിൽ സ്വർണം പണയംവെച്ചിരുന്നു. ജൂൺ പകുതിയോടെ ഇത് 78 അക്കൗണ്ടിലേക്ക് മാറ്റിവെച്ചെന്നും ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വർണം മധാ ജയകുമാർ എടുത്ത് പകരം മുക്കുപണ്ടംവെച്ച് കുറ്റകരമായ വിശ്വാസവഞ്ചന കാണിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് എ.എം. ഷീജ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ആറുദിവസത്തേക്ക് മധാ ജയകുമാറിനെ കസ്റ്റഡിയിൽവിട്ടു.

തട്ടിയെടുത്ത സ്വർണം ദക്ഷിണേന്ത്യയിലെ വിവിധഭാഗങ്ങളിൽ വിൽപ്പനനടത്താൻ സാധ്യതയുള്ളതിനാൽ ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ച് ഇവ കണ്ടെത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കണം. രേഖകൾ ബന്തവസിലെടുക്കുകയും ശാസ്ത്രീയമായി പരിശോധിക്കുകയും വേണം. ഈ സാഹചര്യത്തിൽ ആറുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പ്രോസിക്യൂഷനുവേണ്ടി എ.പി.പി. പ്രമോദ് വാദിച്ചു. പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് ഷിഹാസ് ഇതിനെ എതിർത്തെങ്കിലും മജിസ്‌ട്രേറ്റ് ആറുദിവസത്തേക്കുതന്നെ കസ്റ്റഡി അനുവദിച്ചു. 27-ന് വൈകീട്ട് അഞ്ചുമണിക്കുമുമ്പ് തിരികെ ഹാജരാക്കണം. കസ്റ്റഡിയിൽ കിട്ടിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തുതുടങ്ങി. സ്വർണം എവിടെയെന്ന നിർണായക വിവരമാണ് ഇനി അന്വേഷണസംഘത്തിനു കിട്ടേണ്ടത്. ഇത്രയും സ്വർണം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. ആറുദിവസംകൊണ്ട് ഇത് സാധിക്കുമോ എന്നതും സംശയമാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജി. ബാലചന്ദ്രനും കോടതിയിൽ ഹാജരായി.

Tags:    

Similar News