'മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കേണ്ട'; മുകേഷിന് സംരക്ഷണവുമായി സര്‍ക്കാര്‍

മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് ആഭ്യന്തര വകുപ്പിന്റെ വിലക്ക്

Update: 2024-09-09 03:31 GMT

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് സംരക്ഷണവുമായി സര്‍ക്കാര്‍. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് ആഭ്യന്തര വകുപ്പ് തടയിട്ടു. സെഷന്‍സ് കോടതി മുകേഷിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍. പരാതി നല്‍കുന്നതിലെ കാലദൈര്‍ഘ്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിയമജ്ഞരുമായി കൂടിയാലോചന നടത്തിയാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.

മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്‍കിയ കത്ത് മടക്കാന്‍ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപ്പീല്‍ സാധ്യതകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ കത്തിലും നടപടി ഉണ്ടാകില്ല. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്കെതിരെ ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയാണ് കൊച്ചി മരട് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Tags:    

Similar News