‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ: പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉടൻ ഇല്ലെന്ന് സൂചന
മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.;
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണിൽ മാത്രമേ ഇതു നടക്കാൻ സാധ്യതയുള്ളൂ. ഒരു വർഷത്തേക്കാണു താൽക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നു വർഷത്തിലൊരിക്കലാണ് സാധാരണയായി ജനറൽ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡി യോഗമാണ് മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും.
2021ലെ തിരഞ്ഞെടുപ്പിലും മോഹൻലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ 25 വർഷത്തിനുശേഷം ഇടവേള ബാബു ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിൽ മോഹൻലാൽ കൂടി മാറുന്നതു സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കും എന്ന് സംഘടന വിലയിരുത്തിയിരുന്നു. തുടർന്ന് സഹപ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്. മത്സരമുണ്ടാകുമെങ്കില്‍ താൻ ആ പദവിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതും. ഇതിനു പിന്നാലെ ചലച്ചിത്ര മേഖലയിലെ പല പ്രമുഖർക്കുമെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായി. ഈ സാഹചര്യത്തിലെല്ലാം അമ്മ നേതൃത്വം അഴകൊഴമ്പൻ നിലപാടാണു സ്വീകരിക്കുന്നതെന്ന രൂക്ഷവിമർശനം ഉയർന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് അമ്മയ്ക്ക് അനുകൂല നിലപാടുമില്ല, പ്രതികൂല നിലപാടുമില്ല എന്ന നിലപാടെടുത്ത സിദ്ദിഖിനു നേരെയും ആരോപണങ്ങൾ ഉയർന്നതോടെ അദ്ദേഹം രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണത്തിൽ അകപ്പെട്ടു. അമ്മ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ പ്രതികരിക്കുന്നില്ല എന്ന വിമർശനവും ശക്തമായപ്പോഴാണ് തിരുവനന്തപുരത്തു വച്ച് അദ്ദേഹം ഇക്കാര്യത്തിൽ മനസ്സു തുറന്നത്. പക്ഷേ, മോഹൻലാലിന്റെ വിശദീകരണത്തിനു നേരെയും പിന്നീട് വിമർശനങ്ങളുയർന്നിരുന്നു.
സംഘടനയുടെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതോടെ ഭാരവാഹികൾ ഒന്നടങ്കം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയുമായിരുന്നു. എന്നാൽ കൈനീട്ടം പോലുള്ള കാര്യങ്ങൾ മുടങ്ങില്ലെന്നാണ് താൽക്കാലിക ഭരണസമിതി വ്യക്തമാക്കിയത്. അമ്മയുടെ അടുത്ത ജനറൽ ബോഡി ചേരുന്നതിനെ കുറിച്ചും പുതിയ ഭാരവാഹികൾ വരുന്നതിനെക്കുറിച്ചും ഇടയ്ക്കിടെ ചർച്ചകൾ നടക്കുന്നതല്ലാതെ ഇക്കാര്യത്തിൽ ആരും മുൻകൈ എടുക്കുന്നില്ല എന്ന വാർത്തകളും ഇതിനിടെ പുറത്തു വന്നു. ഇതോടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യത്തിൽ താൻ മോഹൻലാൽ അടക്കമുള്ളവരുമായി ചർച്ച നടത്തിയെന്നും വൈകാതെ പ്രതിസന്ധികൾ പരിഹരിക്കപ്പെടും എന്നു വ്യക്തമാക്കിയതും.
എന്നാൽ ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവർത്തകരിൽ നിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹൻലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.